കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെവരുടെ യാത്ര മേയ് 26-ന് തുടങ്ങും. 26 മുതല്‍ ജൂണ്‍ ഒന്‍പതു വരെയാണ് ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. സംസ്ഥാന ഹജ്ജ് ക്യാമ്പ് മേയ് 25 മുതല്‍ പ്രവര്‍ത്തിക്കും. കേരളത്തില്‍ ഇത്തവണ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളാണ്. ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്ന സ്ഥലവും സമയവും നിശ്ചയിട്ടില്ല. വിമാനങ്ങളുടെ സമയക്രമം പ്രസിദ്ധീകരിക്കുന്നതോടെയേ വിശദാംശങ്ങള്‍ ലഭ്യമാകൂ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഹജ്ജ് ക്യാമ്പിന്റെ ദിവസങ്ങള്‍ ഇത്തവണ വെട്ടിക്കുറച്ചിട്ടുണ്ട്. 15 ദിവസം മാത്രമാണ് ക്യാമ്പുണ്ടാവുക. മുന്‍വര്‍ഷങ്ങളില്‍ 20-22 ദിവസം ഉണ്ടായിരുന്നു. അതേ സമയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ അപേക്ഷകര്‍ ഇത്തവണയുണ്ട്. നിലവില്‍ 18,337 പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. 70 വയസ് വിഭാഗത്തില്‍ 1250 പേരെയും മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ 3584 പേരെയും നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തു. 11,942 പേരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. കാത്തിരിപ്പുപട്ടികയില്‍നിന്ന് 1561 പേര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 11,556 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജിന് പോയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കരിപ്പൂരില്‍ നിന്ന് കൂടുതല്‍ ഹജ്ജ് വിമാനങ്ങള്‍ ഉണ്ടാകും. വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ 145 യാത്രക്കാരുമായാകും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. നിലവില്‍ പതിനായിരത്തിലേറെ പേര് കരിപ്പൂരില്‍നിന്ന് പുറപ്പെടാനുണ്ട്. ആദ്യ
ഘട്ടത്തില്‍ അനുമതി ലഭിച്ച 16,776 പേരില്‍ 9750 പേരും കരിപ്പൂരാണ് പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളത്. ആയിരത്തഞ്ഞൂറോളം പേര്‍ക്കുകൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. എഴുപതിലേറെ ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നുണ്ടാകും.