കോഴിക്കോട്: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ എയിഡഡ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം ചേര്‍ന്നു. അധ്യാപക നിയമന അംഗീകാരം, ഭിന്നശേഷി സംവരണം പാലിച്ചുള്ള അധ്യാപക നിയമനം, ലയനം നടപ്പിലാക്കുന്നതിലുള്ള ആശങ്കകള്‍, സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങളുടെ വികസനം, സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള സഹായ ഉകരണ വിതരണം, സ്കൂളുകള്‍ക്കുള്ള ഗ്രാന്റ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.
എയിഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച നിവേദനങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. നയപരമായ തീരുമാനം ആവശ്യമുള്ളവ കൂടുതല്‍ ചര്‍ച്ചയ്ക്ക് ശേഷം പരിഹാരം കണ്ടെത്തുമെന്നു മന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുമായി സംസ്ഥാന തലത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസില്‍ ജില്ലാതല ചര്‍ച്ച നടത്തിയത്.
യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി മനോജ്കുമാര്‍, ആര്‍ഡിഡി എം സന്തോഷ് കുമാര്‍, എഡി അപര്‍ണ്ണ വി ആര്, എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.