അഴിയൂര്‍: വീട്ടകങ്ങളിലും സ്കൂളുകളിലും ധാര്‍മികത മുഖ്യ പാഠഭാഗമാകണമെന്നും ഇനിയൊരു സിദ്ധാര്‍ഥ് കൂടി നമ്മുടെ സമൂഹത്തില്‍ ഉണ്ടാകരുതെന്നും കെ.കെ.രമ എംഎല്‍എ. പനാടെമ്മല് എംയുപി സ്കൂളില്‍ നടക്കുന്ന പനാടോല്സവത്തിന്റെ ഭാഗമായ മാതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ന് വിദ്യാര്‍ത്ഥികള്‍ പോലും പരസ്പരം ക്രൂരമായി മര്‍ദിക്കുന്നതിലും ദേഹോപദ്രവം ഏല്പിക്കുന്നതിലും ഹരം കണ്ടെത്തുന്ന അവസ്ഥയാണ്. നന്മയുടെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും പാഠഭാഗങ്ങള്‍ അവരെ പിഞ്ചുനാളില്‍ തന്നെ വീട്ടിലും വിദ്യാലയങ്ങളിലും പരിശീലിപ്പിച്ചാല്‍ ഒരു പരിധിവരെ നമുക്ക് ഇത്തരം പ്രവണതകള്‍ക്കെതിരെ വിജയിക്കാന്‍ കഴിയുമെന്നും കെ.കെ.രമ പറഞ്ഞു.
ചടങ്ങില്‍ റഹൂഫ ഹുലൈഫ അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി. അബൂബക്കര്‍ കടവില്‍, ഹസീന ബീവി, ഫരീദ ബഷീര്‍, ഐ നശീദ, ഷമീന കെ, രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.