തിരുവനന്തപുരം: സമരാഗ്നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ പരാതി നല്കി ബിജെപി.
തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആര്.എസ്.രാജീവാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
പുത്തരിക്കണ്ടം മൈതാനത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ യാത്രയുടെ സമാപനത്തില്‍ പാലോട് രവി ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നാണ് പരാതി. മൈക്ക് സ്റ്റാന്റില്‍ താളംപിടിച്ചും തെറ്റിച്ചുമാണ് ദേശീയ ഗാനം ആലപിച്ചത്. പാലോട് രവി ബോധപൂര്‍വമാണ് ഇത് ചെയ്യുന്നതെന്ന് കാണുന്നവര്‍ക്ക് തോന്നും. എംഎല്‍എ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്ത്നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്നും പരാതിയിലുണ്ട്.
മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെറ്റിയെന്ന് മനസ്സിലായതോടെ ടി.സിദ്ദിഖ് ഇടപെടുകയായിരുന്നു. സിഡി ഇടാമെന്ന് പറയുന്നതും കാണാം.
അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി.സിദ്ദിഖ് എംഎല്‍എ ‘പാടല്ലേ’എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. സമ്മേളനത്തില്‍ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്കിന് മുന്നിലേക്ക് എത്തുകയും എല്ലാവരും എഴുന്നേല്ക്കാന് ആവശ്യപ്പെടുകയും ദേശീയഗാനം തെറ്റിച്ച് ആലപിക്കുകയുമായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്.