കൊച്ചി: പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്ഐ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. ആലത്തൂര്‍ എസ്ഐ റിനീഷ് ആണ് മാപ്പ് പറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെയാണ് മാപ്പ് പറഞ്ഞത്. ഇത് കോടതി അംഗീകരിച്ചു.
സംഭവത്തില്‍ എസ്ഐക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സംസ്ഥാന പോലീസ് മേധാവി പത്തു ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ അക്വിബ് സുഹൈല്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നേരത്തെ എസ്ഐ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ കോടതിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യം പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ കോടതി ഇടപെട്ടത്.
ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് വ്യക്തമാക്കി കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ് പോലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു. ഈ കേസിലാണ് എസ്ഐ റിനീഷ് മാപ്പ് പറഞ്ഞത്.