കൊയിലാണ്ടി: വേനല്‍ കനത്തതോടെ ദേശീയ പാതക്കരികില്‍ കരിമ്പ് ജ്യൂസ് കച്ചവടക്കാരുടെ രംഗപ്രവേശം വ്യാപകമായി. ദേശീയപാതക്കരികിലെ വൃക്ഷത്തണലുകള്‍ കരിമ്പ് ജ്യൂസ് കച്ചവടക്കാരായ ഇതര സംസ്ഥാനത്തൊഴിലാളികള്‍ കൈയ്യടക്കിയിരിക്കുകയാണ്. ഉത്തരേന്ത്യക്കാരാണ് ഇവരില്‍ കൂടുതലും.
താരതമ്യേന നേരത്തെ പിടിമുറുക്കിയ പകല്ച്ചൂടില് നിന്ന് രക്ഷനേടാന്‍ വാഹനയാത്രക്കാര്‍ ആശ്രയിക്കുന്നത് പാതയോരത്തെ തണുത്ത പാനീയങ്ങളാണ്. ഇതില്‍ കരിമ്പിന് ജ്യൂസാണ് കേമന്‍. ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന വരുമാനമാര്‍ഗവും ഇപ്പോള്‍ ഇതാണ്. കര്‍ണാടകയില്‍ നിന്നാണ് കരിമ്പ് എത്തിക്കുന്നത്. വിലയിലും കടത്ത് കൂലിയിലും ഇളവ് ലഭിക്കാന്‍ സമീപത്തെ കച്ചവടക്കാര്‍ ഒരുമിച്ചാണ് കരിമ്പിന് തണ്ടുകള്‍ കൊണ്ടുവരുന്നത്.
ഒരു ഗ്ലാസ് ജ്യൂസിന് 30 രൂപയാണ് വില. കഠിനമായ ചൂടിന് ദാഹവും ക്ഷീണവും അകറ്റാന്‍ ഏറ്റവും ഉത്തമമാണെന്നതിനാല് ടൂ വീലര്‍ യാത്രക്കാര്‍ക്ക് കുപ്പിവെള്ളത്തേക്കാള് ഇപ്പോള്‍ കരിമ്പ് ജ്യൂസിനോടാണ് പ്രിയം. ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് 10 ഗ്ലാസ് പാലിനു തുല്യമത്രെ.
-സുധീര്‍ കൊരയങ്ങാട്