വടകര: ജീവിതശൈലീ രോഗങ്ങളില്‍ നിന്നും മയക്കുമരുന്ന് ഭീഷണിയില്‍ നിന്നും രക്ഷ നേടാനായി സമഗ്ര കായിക പദ്ധതിയുമായി മണിയൂര്‍ പഞ്ചായത്ത്. റൈസിംഗ് മണിയൂര്‍ എന്ന കായികാരോഗ്യ പദ്ധതിയിലൂടെ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും പ്രഭാത വ്യായാമം ഉള്‍പ്പടെ കാര്യക്ഷമമാക്കും. പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള വ്യായാമ മുറകളാണ് പ്രഭാത വ്യായാമ വേദികളില്‍ പരിശീലിപ്പിക്കുക. വാര്‍ഡുകള്‍ തോറും കളിസ്ഥലം ഒരുക്കും. ഇതിനായി പൊതുജന പങ്കാളത്തത്തോടെ 10 സെന്റ് വാങ്ങി കളിസ്ഥലം സജ്ജീകരിക്കും. കുട്ടികളുടെ കായികക്ഷമത അനുസരിച്ച് ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, അത്ലിറ്റിക്സ് എന്നിവയില്‍ സമഗ്ര പരിശീലനം നല്‍കും. എല്ലാ വാര്‍ഡുകളിലും വ്യായാമ ക്ലബുകള്‍ രൂപവത്കരിക്കും. ഓപ്പണ്‍ ജിമ്മും സ്ഥാപിക്കും. നടത്തം, സൈക്ലിംഗ്, ഡാന്‍സ് എന്നീ വ്യായാമ രീതികള്‍ ഉള്‍പ്പടെ പരിശീലിക്കാം. ഇതിന് വേണ്ട ഉപകരണങ്ങളും സൗകര്യങ്ങളും സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. ടേക്ക് എ ബ്രേക്ക് കേന്ദ്രീകരിച്ച് സൈക്കിള്‍ ക്ലബ് രൂപവത്കരിക്കും.
വനിതകള്‍ക്ക് ഷട്ടില്‍ ക്ലബ്ബുകള്‍, ഇന്‍ഡോര്‍ ജിം, നീന്തല്‍ പരിശീലനം, കോച്ചിംഗ് ക്യാമ്പ്, കളരി പരിശീലനം, ജന്റര്‍ റിസോഴ്സ് സെന്റര്‍ തുടങ്ങിയ പദ്ധതികളാണ് റൈസിംഗ് മണിയൂറിന്റെ ഭാഗമായി നടപ്പാക്കാന്‍ പഞ്ചായത്ത് ആലോചിക്കുന്നത്.
റൈസിംഗ് മണിയൂര്‍ പദ്ധതി ഉദ്ഘാടനം 26 ന് ഉച്ചക്ക് രണ്ട് മണിക്ക് മണിയൂരില്‍ നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ശശിധരന്, റൈസിംഗ് മണിയൂര്‍ കമ്മിറ്റി ചെയര്മാന് മൂഴിക്കല്‍ പ്രമോദ്, മനോജ് കൊയപ്ര എന്നിവര്‍ പങ്കെടുത്തു.