വടകര: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചെമ്മരത്തൂര്‍ മീങ്കണ്ടിയിലെ കെ.എം.സുരേന്ദ്രന് സഹായം വേണം. നവംബര്‍ 18ന് മീങ്കണ്ടിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സുരേന്ദ്രന് ഇപ്പോഴും ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല.
ആശുപത്രി വാസവും ചികിത്സയും ഇനിയും തുടരേണ്ടതുണ്ട്. ഇതു വരെയുള്ള ചികിത്സക്കായി വലിയ തുക ചെലവ് വന്നു. ഇനിയുള്ള ഭാരിച്ച ചികിത്സാ ചെലവ് സുരേന്ദ്രന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. തുടര്‍ ചികിത്സയും ബാധ്യതയാണ്. വിദ്യാര്‍ഥിനിയായ മകളും മകനും ഭാര്യയും അടങ്ങുന്ന സുരേന്ദ്രന്റെ കുടുംബത്തെ സഹായിക്കാന്‍ തിരുവള്ളൂര്‍ പഞ്ചായത്ത് മെമ്പര്‍ രതീഷ് അനന്തോത്ത് ചെയര്‍മാനും കെ.പി.ഹരിദാസന് കണ്‍വീനറും ശങ്കരന് ട്രഷററുമായി കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമീണ്‍ ബാങ്ക് ആയഞ്ചേരി ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. സഹായങ്ങള്‍ ഈ അക്കൗണ്ടിലേക്ക് അയക്കാന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. 40115101076189. IFSC KLGB0040115