എടച്ചേരി: മുന്ന് പഞ്ചായത്തുകളെയും മുന്ന് നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന എടച്ചേരി വേങ്ങോളി പാലം യാഥാര്‍ഥ്യമായി. വടകര മാഹി കനാലിനു കുറുകെ നിര്‍മിച്ച പാലം ഏറാമല പഞ്ചായത്തിലെ കാര്‍ത്തികപ്പള്ളിയെയും പുറമേരി, എടച്ചേരി പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇടത് കരയില്‍ വടകര മണ്ഡലവും വലതുകരയില്‍ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുമാണ് ഉള്‍പ്പെടുന്നത്.
ചെറിയ വാഹനങ്ങള്‍ക്കു മാത്രം കടന്നു പോകാവുന്ന വളരെ ഇടുങ്ങിയ ഒരു പാലമാണ് നേരത്തെ ഇവിടെ ഉണ്ടായിരുന്നത്. പുതിയ പാലം പൂര്‍ത്തിയായതോടെ എടച്ചേരി, പുറമേരി, നാദാപുരം ഭാഗങ്ങളിലുള്ളവര്‍ക്ക് വടകര, വില്ല്യാപ്പള്ളി ഭാഗങ്ങളിലേക്കും തിരിച്ചും വളരെ എളുപ്പത്തില്‍ എത്തിച്ചേരാനുള്ള ഒരു മാര്‍ഗമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. വടകര മാഹി കനാലിന്റെ നിര്‍മാണം പൂര്‍ത്തിയായി ജലഗതാഗതം താമസിയാതെ ആരംഭിക്കുന്നതോടെ ബോട്ട് ജെട്ടികള്‍ ഉള്‍പെടെയുള്ള അനുബന്ധ സൗകര്യങ്ങളും നടപ്പാക്കാന്‍ സാധ്യതയുള്ളതിനാല്‍ പാലം യാഥാര്‍ഥ്യമായതോടെ പ്രദേശത്തെ ടൂറിസം സാധ്യതയും വര്‍ധിക്കും.
ദേശീയ ജലപാത മാനദണ്ഡമനുസരിച്ച് ജലയാനങ്ങര്ക്കു കടന്നുപോകാനായി ജലനിരപ്പില്‍ നിന്നും ഒമ്പത് മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കനാല്‍ ബണ്ട് റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനായി ഇരുഭാഗത്തും രണ്ട് അണ്ടര്‍ പാസുകളോടെയും നിര്‍മ്മിച്ച ഈ പാലത്തിന് മൊത്തം 62 മീറ്റര്‍ നീളമുണ്ട്. ഏഴ് മീറ്റര്‍ വീതിയില്‍ റോഡും ഇരുവശത്തും ഫുട്പാത്ത് ഉള്‍പെടെ പാലത്തിന് 11.30 മീറ്റര്‍ വീതിയാണുള്ളത്. പാലവും അപ്രോച്ച് റോഡും രണ്ട് അണ്ടര്‍ പാസുകളും ഉള്‍പെടെയുള്ള പ്രവൃത്തിക്ക് 17.26 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാലം ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. കനാലിന്റെ ഇരുകരകളിലുമായി 351 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന് വേണ്ടി ഏറാമല എടച്ചേരി, പുറമേരി വില്ലേജുകളിലായി ആകെ 46 സെന്റ് സ്ഥലം ഏറ്റെടുത്തിരുന്നു.
പാലം ചൊവ്വാഴ്ച(ഫെബ്രുവരി 20 ) വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളാവും. എംഎല്‍എ ഇ കെ വിജയന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം പി കെ മുരളീധരന്, എംഎല്‍എമാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ കെ രമ എന്നിവര്‍ സംബന്ധിക്കും. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും