പുറമേരി: കുറ്റ്യാടിയിലെ ജനങ്ങള്‍ ഏറെ ആഗ്രഹിച്ച കുറ്റ്യാടി ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുനിങ്ങാട്-പുറമേരി-വേറ്റുമ്മല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ബൈപ്പാസിന്റെ ആവശ്യകത എത്രത്തോളമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 കോടി രൂപ ചെലവഴിച്ചാണ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. നിലവില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ അരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പശ്ചാത്തല വികസനരംഗത്ത് കുറ്റ്യാടി മണ്ഡലത്തില്‍ വലിയ കുതിപ്പ് ഉണ്ടാക്കാന്‍ സാധിച്ചതായും മന്ത്രി കൂട്ടി ചേര്‍ത്തു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ മുരളീധരന് എം പി മുഖ്യാതിഥിയായി.
പൊതുമരാമത്ത് വകുപ്പ് നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കുനിങ്ങാട് പുറമേരി വേറ്റുന്മല് റോഡിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. കുനിങ്ങാട് മുതല്‍ പുറമേരി വരെയുള്ള 3.05 കിലോമീറ്റര്‍ റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ 5.50 മീറ്റര്‍ വീതിയില്‍ ഏഴ് കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുക. ഒമ്പത് മാസമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി.
റോഡ് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വികെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് കുടത്താംകണ്ടി, വൈസ് പ്രസിഡന്റ് സി എം വിജയന് മാസ്റ്റര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. റോഡ്സ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യു പി ജയശ്രീ സ്വാഗതവും വടകര സബ് ഡിവിഷന് പി ഡബ്ല്യു ഡി റോഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിധിന് ലക്ഷ്മണന് നന്ദിയും പറഞ്ഞു.