വടകര: രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ സാധാരണക്കാരന്റെ സഹായ കേന്ദ്രങ്ങളാകണമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടരി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. രാഷ്ട്രീയവും ജാതി-മത വ്യത്യാസമില്ലാതെയുള്ള സഹായ കേന്ദ്രമായിരിക്കണം പാര്‍ട്ടി ഓഫീസുകള്‍. മുസ്ലീം ലീഗ് തീക്കുനി ശാഖാ ഓഫീസ് ഖാഇദെമില്ലത്ത് സെന്റര്‍ ഉദ്ഘാടനവും ബൈത്തുല്‍റഹ്മ താക്കോല്‍ ദാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് എക്കാലാവും സമാധാനത്തിന് വേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ്. അതില്‍ നിന്ന് വ്യതിചലിക്കില്ല. രാജ്യം വലിയ ഭീഷണിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അനുദിനം രാജ്യത്തിന്റെ മത സൗഹാര്‍ദ്ദത്തിന് ഭീഷണി ഉയരുകയാണ്. മുന്‍ തലമുറ ത്യാഗം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം പോലും അപകടത്തിലാണ്. എല്ലാവരും ഒരുമിച്ച് നിന്ന് ഭരണമാറ്റത്തിന് വേണ്ടി ശ്രമിക്കണം-അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിഷ്ക്രിയമായ അവസ്ഥയാണ് കാണുന്നത്. ഒന്നും സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിറ്റ് നല്കി അധികാരത്തിലെത്തിയവര്‍ ജനങ്ങളെ അപഹസിക്കുകയാണിപ്പോള്. ഒരു മേഖലയിലും ഒന്നും ചെയ്യാനാകുന്നില്ല. ഉമ്മന്‍ചാണ്ടി തുടങ്ങി വെച്ച ചികിത്സാ സംവിധാനം പോലും നടപ്പാക്കാനായിട്ടില്ല. വയനാട്ടില്‍ ആനയുടെ ആക്രമത്തില്‍ പരിക്കേറ്റ ആള്‍ക്ക് യഥാസമയം ചികിത്സ നല്കാന് കഴിയാതെ മരിക്കാനിടയായത് നേരത്തെ തുടങ്ങിവെച്ച ആശുപത്രി പ്രാവര്ത്തികമാക്കാത്തതുകൊണ്ടാണ്-അദ്ദേഹം ആരോപിച്ചു.
ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാതിഥിയായി. പി.എം.എ.സലാം വീടിന്റെ താക്കോല്‍ കൈമാറി. കെയര്‍ ചാരിറ്റി ഫണ്ട് ആബിദ് ബുസൈന്‍ തങ്ങള്‍ എംഎല്‍എ ഏറ്റുവാങ്ങി. ഉമ്മര്പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല, പി.കെ ബഷീര്‍ എംഎല്‍എ, എം.എ.റസാഖ്, പി.കെ ഫിറോസ്, ടി.ടി ഉസ്മായില്‍, പി അമ്മത്, എസ്.പി കുഞ്ഞമ്മദ്, പി.പി റഷീദ്, ബഷീര്‍ മാണിക്കോത്ത്, ടി.കെ മുഹമൂദ് എന്നിവര്‍ പ്രസംഗിച്ചു.