കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മുഖാമുഖം പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായി. നാളെ (ഞായര്‍) രാവിലെ 9.30 മുതല്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലാണ് പരിപാടി.
വികസിത നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി നവവൈജ്ഞാനിക സമൂഹമായി കേരളത്തെ എപ്രകാരം മാറ്റാം എന്നതിലേക്ക് വിദ്യാര്‍ഥികളുടെ അഭിപ്രായം ആരായുന്ന വേദിയാണ് മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്.ബിന്ദു പറഞ്ഞു.
‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നല്കുന്ന സമീപനമാണ് ഈ സര്‍ക്കാരിനുള്ളത്. സമഭാവനയില്‍ അധിഷ്ടിതമായ വികസിത നവകേരളം കെട്ടിപ്പടുക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താം, നവ വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുന്നത് എപ്രകാരം തുടങ്ങിയ ആലോചനകളില്‍ വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ ആരായുക എന്നതാണ് മുഖാമുഖം പരിപാടിയുടെ പ്രധാന ഉദ്ദേശ്യം-മന്ത്രി വ്യക്തമാക്കി. പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സാധ്യതകളെകുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി അവതരിപ്പിക്കാം.
മുഖാമുഖം പരിപാടിയില്‍ മന്ത്രി ഡോ. ആര്.ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്, വീണാ ജോര്‍ജ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തിലെ എല്ലാ സര്‍വകലാശാലകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള 2000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 60 വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുമായി നേരില്‍ സംവദിക്കും.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രൊഫ രാജന് ഗുരുക്കള്‍, കാലിക്കറ്റ് സര്‍വകലാശാല വിസി പ്രൊഫ എം.കെ.ജയരാജ്, ഡിജിറ്റല്‍ സര്‍വകലാശാല വിസി പ്രൊഫ സജി ഗോപിനാഥ്, കാലടി സംസ്കൃത സര്‍വകലാശാല വിസി പ്രൊഫ എം വി നാരായണന്, എം ജി യൂനിവേഴ്സിറ്റി വിസി പ്രൊഫ സി ടി അരവിന്ദകുമാര്‍, കുസാറ്റ് വിസി പ്രൊഫ പി ജി ശങ്കരന്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ ജിജു പി അലക്സ്, സ്റ്റേറ്റ് എജുക്കേഷന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഡോ. ജെ.പ്രസാദ്, എംജി സര്‍വകലാശാല വിസിറ്റിംഗ് ജെന്‍ഡര്‍ എക്സ്പേര്‍ട്ട് ഡോ മീര വേലായുധന്, കാലിക്കറ്റ് സര്‍വകലാശാല റിട്ട. പ്രൊഫസര്‍ കെ.ഫാത്തിമത്ത് സുഹ്റ എന്നിവരാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പങ്കെടുക്കുന്ന വിദഗ്ധര്‍. ഉച്ച ഒന്നര വരെയാണ് പരിപാടി.