കൊയിലാണ്ടി: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ ഫലമായി പുത്തലത്ത്കുന്ന് നിവാസികള്‍ക്ക് വഴി യാഥാര്‍ഥ്യമാവും. നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് പണിയുമ്പോള്‍ പുത്തലത്ത്കുന്ന് നിവാസികളായ ആയിരത്തോളം പേര്‍ക്ക് വീട്ടിലേക്കുള്ള വഴി പൂര്‍ണമായും നഷ്ടപെട്ടുപോവുന്ന അവസ്ഥയായിരുന്നു.
പന്തലായനി ഹയര്‍സെക്കന്ററി സ്കൂളിലെ കൃഷ്ണപ്രിയ എന്ന വിദ്യാര്‍ഥിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വഴിപ്രശ്നത്തില്‍ ഇടപെട്ടത്. ഭിന്നശേഷിക്കാരായ പുത്തലത്ത് കുന്ന് പുതുക്കുടി മീത്തല്‍ രാധാകൃഷ്ണന്, പ്രമോദ്, സ്ഥലത്തെ ബിജെപി പ്രവര്ത്തകന് സജീഷ് എന്ന വാവ എന്നിവരും പ്രശ്നം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഇതിനു തുടര്‍ച്ചയായി പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍എച്ച് അധികൃതര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് വഴി പുനഃസ്ഥാപിക്കാനുള്ള തടസം നീങ്ങിയത്.
പ്രദേശവാസികളുടെ പ്രശ്നം ഏറ്റെടുത്ത് പ്രവര്‍ത്തിച്ച സജീഷ് എന്ന വാവയെ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്.ജയ്കിഷ് ഷാള്‍ അണിയിച്ച് ആദരിച്ചു. സൈനിക പരിഷത്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര ഗോപാല്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ എ.വി.നിധിന് തുടങ്ങിയവര്‍ പങ്കെടുത്തു.
-സുധീര്‍ കൊരയങ്ങാട്