നാദാപുരം: വീട് നിര്‍മാണത്തിനിടയില്‍ സ്ലാബ് തകര്‍ന്ന് രണ്ടു യുവാക്കള്‍ മരിച്ചത് വളയത്തെ നടുക്കി. അപ്രതീക്ഷിതമായുണ്ടായ ദുരത്തില്‍ രണ്ടു പേരുടെ ജീവന് പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് വളയം ഗ്രാമം.
ഇന്ന് രാവിലെയാണ് മാരാങ്കണ്ടിയില്‍ വീട് നിര്‍മാണത്തിനിടെ സ്ലാബ് തകര്‍ന്നുവീണത്. താഴെ ജോലിയില്‍ മുഴുകിയവരുടെ ദേഹത്തേക്ക് ദുരന്തമായി സ്ലാബ് പതിക്കുകയായിരുന്നു. ഇതിനടിയില്പെട്ട വിഷ്ണു (29), നവജിത്ത് (29) എന്നിവരാണ് മരണപ്പെട്ടത്. സാരമായി പരിക്കേറ്റ രജില്‍, ലിഗേഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുവും നവജിത്തും മരണപ്പെട്ടു. വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതേയുള്ളൂ. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ദുരന്തം.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉള്പെടെയുള്ളവര് സ്ഥലത്തെത്തി. വളയം പോലീസും എത്തിയിരുന്നു. വിഷ്ണുവിന്റെയും നവജിത്തിന്റെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.