കക്കട്ടില്‍: മലയോര മേഖലയിലുള്ളവര്‍ അനുഭവിക്കുന്ന യാത്രാ ദുരിതം ഒരു പരിധി വരെ പരിഹരിക്കാന്‍ ആശ്രയം ജനകീയം ജീപ്പ് സര്‍വീസ്. കക്കട്ടില്‍ നിന്ന് വണ്ണാത്തിപ്പൊയില്‍, പാതിരിപ്പറ്റ, നിട്ടൂര്‍, പെരുമുണ്ടശ്ശേരി, ഭുമി വാതുക്കല്, കായക്കൊടി, മുള്ളമ്പത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജനകീയം ജീപ്പുകള്‍ സര്‍വീസ് നടത്തുന്നു. ഈ സ്ഥലങ്ങളിലേക്ക് കക്കട്ട് ടൗണിലെ വിവിധയിടങ്ങളില്‍ നിന്ന് ജീപ്പ് പുറപ്പെടുന്നു. ആളായാലും ഇല്ലെങ്കിലും ജീപ്പുകള്‍ കൃത്യസമയത്ത് ഓട്ടം പോകും. കക്കട്ട് ടൗണില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമ്പോള്‍ മറുഭാഗത്ത് നിന്ന് തിരിച്ചുമുണ്ട് ഓട്ടം. ബസ് സര്‍വീസ് ഇല്ലാത്തയിടങ്ങളിലേക്കുള്ള ഇത്തരം ജനകീയ ജീപ്പ് സര്‍വീസ് യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമാണ്.
എന്നാല്‍ സമീപ കാലത്തായി ജനകീയം ജീപ്പ് സര്‍വീസിന് തിരിച്ചടി നേരിടുന്നതായി പറയുന്നു. ജില്ലയില്‍ തന്നെ ഏറ്റവും അധികം ജീപ്പുകള്‍ സര്‍വീസ് നടത്തുന്നത് കക്കട്ടില്‍ ടൗണില്‍ നിന്നായിരുന്നു. ഏകദേശം 250 ഓളം ജീപ്പുകളാണ് കൈവേലി, മുള്ളമ്പത്ത്, നരിപ്പറ്റ മേഖലയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. അത് ഇപ്പോള്‍ മൂന്നിലൊന്നായി കുറഞ്ഞു. ഇന്ധന വിലവര്‍ധനവും സ്പെയര്‍ പാര്‍ട്സുകളുടെ വിലക്കയറ്റവും കാരണം സര്‍വീസ് നടത്തിക്കൊണ്ടു പോകാനാവതെ പലരും ഈ മേഖലയില്‍ നിന്ന് പിന്‍വലിഞ്ഞു. ഇത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
നൂറ് കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജീപ്പ് സര്‍വീസ് സംരക്ഷിക്കാനാവശ്യമായ നടപടികള്‍ വേണമെന്നാണ് വിവിധ യുണിയനുകള്‍ ആവശ്യപ്പെടുന്നത്.
-ആനന്ദന് എലിയാറ