വടകര: ശശി തരൂരിനെ പോലെയുള്ള ഉന്നത ശീര്‍ഷരായ വ്യക്തികളെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാട്ടി ഇന്നത്തെ ഭരണകൂടത്തെ അധികാരഭ്രഷ്ടമാക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ കല്പറ്റ നാരായണന് അഭിപ്രായപ്പെട്ടു. ഷാഡോ മന്ത്രിസഭയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് ഇത് ശോഭനമായ ഭാവി പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടശ്ശേരി ഇരുന്നകസേരയില് ഇരിക്കുന്നയാളെ നോക്കി ഭരണത്തിന്റെ നിലവാരം വിലയിരുത്താമെന്നും കോണ്ഗ്രസുകാരന് അല്ലാത്ത താന്‍ കോണ്‍ഗ്രസിന്റെ ഭരണം ആഗ്രഹിക്കുന്നുവെന്നും കല്പറ്റ നാരായണന് കൂട്ടിച്ചേര്‍ത്തു.
കല-സാംസ്കാരിക- സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മടപ്പള്ളി കോളജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ‘സിമാക് ‘ ഏര്‍പ്പെടുത്തിയ സാമൂഹിക – സാംസ്കാരിക മേഖലകളില്‍ മികച്ച സേവനങ്ങള്‍ നല്കിയ വ്യക്തിക്കുള്ള ‘ഉമ്മന്‍ ചാണ്ടി സദ്ഭാവന പുരസ്കാരം ‘ കാവില്‍ പി മാധവന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിമാക്ക് പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു.
15001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യ മേഖലയിലെ നവാഗത എഴുത്തുകാരായ ജയശങ്കര്‍ കീഴായി, സജീവന് മന്തരത്തൂര്‍, സതീശന് എടക്കുടി,ഹീര വടകര, ഗീത മോഹനന്, റസിയ പയ്യോളി എന്നിവര്‍ ചടങ്ങില്‍ ആദരവ് ഏറ്റ് വാങ്ങി. ജില്ല പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, കാവില്‍ പി മാധവന്, പ്രൊഫ.എം.വിജയലക്ഷ്മി, പ്രവീണ്‍ കുമാര്‍. കെ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മുരളീധരന്.കെ സ്വാഗതവും ട്രഷറര്‍ ശ്രീകുമാര്‍ പി.വി നന്ദിയും പറഞ്ഞു,