കൊയിലാണ്ടി: സംസ്ഥാനത്ത് തീരദേശ ഹൈവേ പൂര്‍ത്തിയാവുന്നതോടെ തീരത്തിന്റെ സമഗ്രമായ വികസനം യാഥാര്‍ഥ്യമാകുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്. കൊയിലാണ്ടി വലിയതോട് ഹാര്‍ബര്‍ റോഡിന്റെയും ട്രാഫിക് പോലീസ് സ്റ്റേഷന് ബീച്ച് റോഡിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഏഴര വര്‍ഷക്കാലമായി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് വികസന പദ്ധതികളിലൂടെ സംസ്ഥാനത്തെ മത്സ്യ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയതോതിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. 2021ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 458 റോഡുകള്‍ക്ക് 251 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. ഇതില്‍ 192 റോഡുകള്‍ പൂര്‍ത്തീകരിക്കുകയും 142 റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലുമാണെന്ന് മന്ത്രി പറഞ്ഞു.
ചെല്ലാനത്ത് 22 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീരസംരക്ഷണം സാധ്യമാക്കുക വഴി വര്‍ഷങ്ങളായുള്ള തീരദേശ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു. തീര സംരക്ഷണത്തിന് വരുന്ന അധിക ചെലവ് മനസ്സിലാക്കി നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ചെലവ് കുറഞ്ഞ തീര സംരക്ഷണ പദ്ധതികള്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. പദ്ധതി വിജയിച്ചാല്‍ ചെലവ് കുറഞ്ഞ തീര സംരക്ഷണ പ്രവര്‍ത്തനം കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
മത്സ്യ ഉത്പാദന രംഗത്ത് കേരളത്തെ രണ്ടാം സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ മത്സ്യനയം നടപ്പാക്കാന്‍ പോവുകയാണ്. ഇതിലൂടെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുളള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം എസ് രാകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
31.81 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാഫിക് പോലീസ് സ്റ്റേഷന് ബീച്ച് റോഡ് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. 665 മീറ്റര്‍ റോഡ് ശരാശരി 5.50 മീറ്റര്‍ വീതിയില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാവാത്ത വിധം ഉയര്‍ത്തിയാണ് നവീകരിച്ചത്. വലിയതോട് ഹാര്‍ബര്‍ റോഡ് 69.99 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. 790 മീറ്റര്‍ നീളമുള്ള റോഡില്‍ കടലാക്രമണം കൂടിയ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് റോഡും ബാക്കി ഭാഗങ്ങളില്‍ ബിറ്റുമിനസ് റോഡുമാണ് നിര്‍മ്മിച്ചത്. നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെടാതെ ഹൈവേയ്ക്ക് സമാന്തരമായ ഈ റോഡിലൂടെ യാത്ര സാധ്യമാകുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്മാന് അഡ്വ. കെ സത്യന്, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ കെ അജിത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എ അസീസ്, കെ ടി വി റഹ്മത്ത്, രത്നവല്ലി ടീച്ചര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധാ കിഴക്കേപ്പാട്ട് സ്വാഗതവും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷീന ഹമീദ് നന്ദിയും പറഞ്ഞു