കൊയിലാണ്ടി: കൈവശമുളള രണ്ടര സെന്റ് സ്ഥലം ഡാറ്റാ ബാങ്കില്‍ പെട്ടതോടെ വീട് നിര്‍മാണത്തിന് അനുമതിയില്ലാത്തതിന്റെ വേദനയിലാണ് രാജിയും കുടുംബവും. ഭര്‍ത്താവിന്റെ അകാല വേര്‍പാടോടെ നിലയില്ലാകയത്തില്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/efe.jpg?resize=456%2C477&ssl=1)
അകപ്പെട്ട രാജിയ്ക്കും മക്കള്‍ക്കും താങ്ങും തണലും വേണ്ടതുണ്ട്.
കഴിഞ്ഞ മാസം ആറിന് ഹൃദയാഘാതത്തെ തുടര്‍ന്ന് റെയില്‍വേ പാതയോരത്ത് മരിച്ചു കിടന്ന കൊയിലാണ്ടി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വരണ്ടയില്‍ ഷൈജുവിന്റെ (40) അമ്മ കല്യാണിയും ഭാര്യ രാജിയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബമാണ് ജീവിത പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നത്. ബപ്പന്കാടിനും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും ഇടയില്‍ റെയില്‍വേ പാതയോരത്തെ ഒരൊറ്റ മുറി വീട്ടിലാണ് ഷൈജുവും കുടുംബവും താമസിച്ചിരുന്നത്. മഴക്കാലത്ത് ഇവരുടെ വീടിന് ചുറ്റും വെളളമുയരും. നഗരത്തില്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഷൈജു കുടുംബം പുലര്‍ത്തിയത്.
ഓട്ടോ ഡ്രൈവര്‍ എന്ന നിലയില്‍ കൊയിലാണ്ടികാര്‍ക്ക് സുപരിചിതനായിരുന്നു ഷൈജു. ഓട്ടോ ഓടിക്കുന്നതിനിടയില്‍ തന്നെ മുടങ്ങിയ പഠനവും ഷൈജു മുന്നോട്ട് കൊണ്ടു പോയിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ കഴിഞ്ഞ വര്‍ഷം വിജയിച്ച ഷൈജു ഈ വര്‍ഷം കൊയിലാണ്ടി ജിവിഎച്ച്എസ്എസ് കേന്ദ്രമായി ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സില്‍ ചേര്‍ന്ന് പഠനം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് മരണം.
ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ കൊയിലാണ്ടി നഗരസഭ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ താമസിച്ചിരുന്ന റെയില്‍വേ പാതയോരത്ത് വീട് നിര്‍മിക്കാന്‍ അനുമതി ലഭിക്കില്ല. ബി ക്ലസ് വിഭാഗത്തില്‍പ്പെടുന്ന സ്ഥലമാണിത്. ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനുളള ധനസഹായം കൊണ്ട് പെരുവട്ടൂര്‍ തുരുത്ത്യാട്ട് ഭാഗത്ത് ഇവര്‍ രണ്ടര സെന്റ് സ്ഥലം 2013 ല്‍ വാങ്ങിയിരുന്നെങ്കിലും ആ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ അവിടെ വീട് നിര്‍മിക്കാന്‍ സാങ്കേതിക തടസവുമുണ്ട്. വീട് വെക്കാന്‍ അനുമതി തേടി കൊണ്ടുളള ഇവരുടെ അപേക്ഷ കൃഷി ഭവന് തളളിയതിനെ തുടര്‍ന്ന് വടകര ആര്‍ഡിഒ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. കൊയിലാണ്ടി കൃഷി ഭവനില്‍ നിന്നുളള റിപ്പോര്‍ട്ട് പ്രകാരം ഈ സ്ഥലം ഡാറ്റാ
ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ ആര്‍ഡിഒയും അപേക്ഷ തളളി. ഈ സാഹചര്യത്തില്‍ എവിടെ വീട് നിര്‍മിക്കുമെന്ന് ഈ നിര്‍ധന കുടുംബത്തിന് അറിയില്ല. ഇവരുടെ സ്ഥലത്തിന് സമീപമെല്ലാം പലരും വീട് വെച്ച് താമസിക്കുന്നുണ്ട്. ഭൂമി തരം മാറ്റി കിട്ടിയാല്‍ പെരുവട്ടൂരിലെ സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മിക്കാന്‍ കഴിയും. ഇതിനായി വീണ്ടും മുഖ്യമന്ത്രി, റവന്യു മന്ത്രി, കലക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് രാജിയും മക്കളും. ഷൈജുവിന്റെ സഹപാഠികള്‍ എല്ലാവിധസഹായഹസ്തവുമായി ഇവര്‍ക്കൊപ്പമുണ്ട്. നഗരസഭ കൗണ്‍സിലര്‍മാരും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഭൂമി തരം മാറ്റി കിട്ടാത്തതാണ് ഇവരുടെ മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി. ഇതിനായി പല വാതിലുകളും തുറക്കുമെന്ന പ്രതീക്ഷയിലാണ്
കുടുംബം. ഷൈജുവിന്റെ മക്കളായ ഷമിനയും തൃഷയും വിദ്യാര്‍ഥികളാണ്. തീര്‍ത്തും അനാഥരായ ഇവര്‍ക്ക് വേണം നാടിന്റെ കരുതലും കൈത്താങ്ങും.
-സുധീര്‍ കൊരയങ്ങാട്