വടകര: മഹാത്മ ദേശസേവ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കേരള ജൈവകര്‍ഷകസമിതി, ഓയിസ്ക ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ, ‘മനസാണ് ശരീരത്തിന്റെ യജമാനന്’ എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിക്കുന്ന ഹരിതാമൃതത്തിന് ഇന്ന് (വെള്ളി) തിരിതെളിയും. വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പ്രദര്‍ശനവും അനുബന്ധ പരിപാടികളും 13 വരെ നീണ്ടുനില്‍ക്കും. സ്വന്തം വീട്ടുവളപ്പില്‍ കുട്ടിവനം തയ്യാറാക്കി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്കാരം ലഭിച്ച മാതൃകാ ദമ്പതികള്‍ അഡ്വ: സുഭാഷ് ചന്ദ്രബോസും ഇന്ദിരയും ചേര്‍ന്നു വൈകുന്നേരം മൂന്നിന് ഹരിതാമൃതം’24 ഉദ്ഘാടനം ചെയ്യും. വടകര നഗരസഭാ ചെയര്പേഴ്സന് കെ.പി.ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍. ഹരിതാമൃതം ചെയര്മാന് പി.പി.ദാമോദരന്‍ ബ്രോഷര്‍ പ്രകാശനം ചെയ്യും. പ്രൊഫ.കെ.കെ.മഹമൂദ് ഏറ്റുവാങ്ങും. മുന്‍മന്ത്രി സി.കെ.നാണു മുഖ്യാതിഥിയാകും.
ചികിത്സാ രംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ച കെ.തങ്കച്ചന്‍വൈദ്യര്‍, ചരിത്രപുസ്തകരചനയില് നൂതന ഇതിഹാസം രചിക്കുന്ന
പി.ഹരീന്ദ്രനാഥ് എന്നിവരെ ഉദ്ഘാടനസമ്മേളനത്തില്‍ ആദരിക്കും. ഇരിങ്ങല്‍ രഘു രചിച്ച് പ്രേംകുമാര്‍ വടകര സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ഹരിതാമൃതം ഗാനത്തിന്റെ സിഡി പ്രകാശനം നാടന്‍പാട്ട് കലാകാരന് ഭരതന് കുട്ടോത്ത് നിര്‍വ്വഹിക്കും. റസാഖ് കല്ലേരി ഏറ്റുവാങ്ങും.
ട്രസ്റ്റ് ചെയര്മാന് ടി.ശ്രീനിവാസന് രചിച്ച കാണപ്പണം എന്ന ലഘു പുസ്തകം വടകരയിലെ പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് പി.പി.രാജന് പ്രകാശനം ചെയ്യും. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ വി.പി.ശിവകുമാര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ഡല്‍ഹി ജവഹര്‍ലാല്‍നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നു പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കിയ ഡോ. ആര്.രാമാനന്ദ് ‘മനസാണ് ശരീരത്തിന്റെ യജമാനന്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.