
കല്‍പ്പറ്റ: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ കല്‍പ്പറ്റയില്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ച
സംഭവത്തില്‍ കെ.എസ്.യു നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ പോസ്റ്റോഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് പോലീസുകാരന്റെ കരണത്തടിച്ച സംഭവത്തിലാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസുകാരന്റെ മുഖത്തടിച്ചതിനുമാണ് ഗൗതത്തിനെതിരെ കേസ്.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ നടത്തിയ പ്രകടനത്തിനിടെ പോലീസും നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ജില്ലാ പ്രസിഡന്റ് കൈ ഉയര്‍ത്തി പോലീസുകാരന്റെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വളരെപെട്ടെന്നുതന്നെ വൈറലായി. പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.
















