മാഹി: ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത നീറ്റ് പരീക്ഷയിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളെ ക്രൂരമായി
അടിച്ചമര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ മാഹിയില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും. രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന്റെ നീതിക്കായുള്ള അപേക്ഷയെ പോലീസിനെയും സുരക്ഷാ സേനയെയും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഭരണകൂട ഭീകരതക്കെതിരെ നടന്ന റാലിയില്‍ രോഷമിരമ്പി. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചോദ്യം ചെയ്ത വിദ്യാര്‍ഥികളെയും ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും എംപിമാരെയും നടുറോട്ടില്‍ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു പ്രഖ്യാപിച്ചു നടന്ന പ്രതിഷേധ സംഗമം മുന്‍ എംഎല്‍എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഇബ്രാഹിംകുട്ടി ചൊക്ലി, മാഹി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.ബഷീര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മോഹനന്‍, ഇ.കെ.മുഹമ്മദ് അലി, എ.വി.യൂസുഫ്, ആശ ലത, കെ.പി.സിദ്ദിഖ്, നാസര്‍ മൂസ, എം.എ.നാസര്‍, ആദില്‍.കെ.കെ, സമീര്‍ തയ്യുള്ളതില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.















