വടകര: വടകരയിലെ കുടുംബകോടതി പ്രവര്‍ത്തനം സ്തംഭിച്ച നിലയില്‍. മെയ് വരെ കാലാവധിയുള്ള ജഡ്ജി ഡിസംബര്‍ 31 ന് സ്വയം പിരിഞ്ഞു പോയതോടെയാണ് ഈ അവസ്ഥ. ഒരു മാസമായി കോടതിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നില്ല.
വടകര കുടുംബകോടതിയില്‍ സ്ഥിരം ജഡ്ജി ഇല്ലാതായിട്ട് രണ്ടു വര്‍ഷത്തോളമായി. കോഴിക്കോട്ടെ കുടുംബകോടതി ജഡ്ജിക്കായിരുന്നു ചുമതല. അവര്‍ ആഴ്ചയില്‍ രണ്ടു ദിവസം സിറ്റിംഗ് നടത്തിയിരുന്നു. പിന്നീട് അസുഖം മൂലം അവര്‍ സിറ്റിംഗ് ഒരു ദിവസമായി കുറച്ചു. കക്ഷികളുടേയും അഭിഭാഷകരുടേയും മുറവിളിയെ തുടര്‍ന്ന് ഹൈക്കോടതി കരാറടിസ്ഥാനത്തില്‍ റിട്ട.ജഡ്ജിയെ നിയമിച്ചിരുന്നു. ഇദ്ദേഹം സ്വയം പിരിഞ്ഞുപോയതോടെ കോഴിക്കോട്ടെ ജഡ്ജിക്ക് വീണ്ടും ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ സിറ്റിംഗ് നടത്തുന്നില്ല.
സംരക്ഷണചെലവ് ലഭിക്കേണ്ടവരും അത് കോടതി മുഖേന ലഭിച്ചു കൊണ്ടിരുന്നവരും വഴിയാധാരമായ അവസ്ഥയിലാണിപ്പോള്‍. വിവാഹമോചനം ലഭിക്കേണ്ടവരുടെ കാത്തിരിപ്പ് നീളുന്നു. പുനര്‍വിവാഹം തീരുമാനിച്ചവര്‍ വിവാഹമോചനം തീര്‍പ്പാകാതെ കിടക്കുന്നതിനാല്‍ നിശ്ചയിച്ച വിവാഹം മാറ്റുന്നു. തീര്പുകാത്ത് മൂവായിരത്തോളം കേസുകളാണ് വടകര കുടുംബകോടതിയിലുള്ളതെന്നാണ് വിവരം.