തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും വിഷയത്തില്‍ പ്രതികരിച്ച ലോക്സഭാ
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ ഡല്‍ഹി പോലീസ് കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്.
വിദ്യാര്‍ഥികളുടെയും ജനപ്രതിനിധികളുടെയും ന്യായമായ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി പോലീസിന്റെയും ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു
സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നീറ്റ് പരീക്ഷ അട്ടിമറിച്ചതിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ്
ആശങ്കയിലായിരിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രതിഷേധിച്ച വിദ്യാര്‍ഥികളെയും ജനപ്രതിനിധികളെയും ക്രൂരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ബന്ദ് പൂര്‍ണമായി വിജയിപ്പിക്കണമെന്നും കെ.എസ്.യു
സംസ്ഥാന നേതൃത്വം അഭ്യര്‍ഥിച്ചു.
അതേസമയം, ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ പ്രകടനങ്ങളും പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കും. പരീക്ഷകളെയും അവശ്യ സര്‍വീസുകളെയും ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
















