വടകര: വെള്ളികുളങ്ങരയിലെ മുഹമ്മദ് ഹൈദിന്‍ സലാഹ് എന്ന അഞ്ചു വയസുകാരന് മരണപ്പെട്ടത് അടുത്തുള്ള ഹോസ്പിറ്റലിലെന്ന് വടകര സീയം ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരണം സംബന്ധിച്ച് സീയം ആശുപത്രിക്കെതിരെ ഉയരുന്നത് സത്യവിരുദ്ധമായ പ്രചരണങ്ങളാണെന്നും ഇവര്‍ പറഞ്ഞു.
പനികാരണം ജനുവരി 30ന് സീയം ഹോസ്പിറ്റലില്‍ അഡ്മിറ്റായ കുട്ടി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗുരുതരാവസ്ഥയിലേക്ക് പോവുകയാണ് ഉണ്ടായത്. ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം ഡോക്ടര്‍മാരും കുട്ടികളുടെ ഡോക്ടറും അടക്കമുള്ള വിദഗ്ധ ടീം പ്രോട്ടോകോള്‍ പ്രകാരമുള്ള മികച്ച ചികിത്സ നല്‍കിയെങ്കിലും കുട്ടി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോവുകയാണ് ഉണ്ടായത്. തുടര്‍ന്ന് പീഡിയാട്രിക് ഐസിയു സൗകര്യമുള്ള അടുത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റുകയാണ് ചെയ്തത്. അവിടെ നിന്നു കുട്ടി മരണപെടുകയും ചെയ്തുവെന്ന് സീയം ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
ബന്ധുക്കള്‍ സീയം ഹോസ്പിറ്റലിനെതിരെ ആരോപിക്കുന്ന ചികിത്സാപിഴവുകളോ മരുന്നു മാറി കൊടുത്തതോ ആയ യാതൊരു പിഴവുകളും ചികിത്സക്കിടയില്‍ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ചികിത്സാ പിഴവുണ്ടെന്നുള്ള സംശയത്തിലാണ് കുട്ടിയെ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.
കുട്ടിയുടെ മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടുകൂടി ബോധ്യപ്പെടുന്നതാണെന്ന് ഇവര്‍ പറഞ്ഞു. എന്നിട്ടും ഹോസ്പിറ്റലിനെതിരെ പലരും വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ നടക്കുന്ന സമരപരിപാടികള്‍ തല്പരകക്ഷികളുടെ ഗൂഢോദ്ദേശ്യമാണെന്ന്
സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിയുടെ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിക്കപ്പെട്ടതിനാല്‍ മരണകാരണം കോവിഡ് അനുബന്ധ പ്രശ്നങ്ങളാകാന്‍ സാധ്യത ഉണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ സമരം നിര്‍ത്തിവെക്കണമെന്നും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കുട്ടികളുടെ ഡോക്ടര്‍ ഹാരിസ് അബൂബക്കര്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ.അബ്ദുള്‍സലാം, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഹംസത്ത്, അഡ്മിനിസ്ട്രേറ്റീവ് ഡയരക്ടര്‍ കുഞ്ഞമ്മദ്, ഫിനാന്‍സ് ഡയരക്ടര്‍ ഹാഷിം, മാനേജര്‍ മുഹമ്മദ് റഹീസ് എന്നിവര്‍ പങ്കെടുത്തു.