വടകര: കാലാകാലങ്ങളായി ജനങ്ങള്‍ കാല്‍നടക്കായി ഉപയോഗിച്ച റെയില്‍ പാളം മുറിച്ച് കടക്കുന്ന വഴികള്‍ മുന്നറിയിപ്പും ബദല്‍ സംവിധാനവും ഒരുക്കാതെ പൊളിച്ച് നീക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
വടകരയ്ക്കും മാഹിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വര്‍ഷങ്ങളായി മുറിച്ച് കടക്കാന്‍ ഉപയോഗിച്ച വഴിയാണ് അടച്ച് പൂട്ടിയതെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല യോഗത്തില്‍ പറഞ്ഞു. നൂറ് കണക്കിന് ആളുകള്‍ ദിവസേന ഉപയോഗിച്ച വഴിയാണ് മുന്നറിയിപ്പില്ലാതെ കൊട്ടിയടച്ചതതെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. ഈ കാര്യം പാലക്കാട് ഡിവിഷന് അധികൃതരെ അറിയിക്കാന്‍ വികസനസമിതി തീരുമാനിച്ചു.
നിര്‍ദ്ദിഷ്ട കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂര്‍-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് സമിതി അംഗം പി.സുരേഷ് ബാബു ആവശ്യപ്പെട്ടു. ജില്ലയുടെ പരിധിയില്‍ വരുന്ന 21 കിലോമീറ്റര്‍ ദൂരത്തെ അലൈന്മെന്റും ഡിപിആറും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളികുളങ്ങരയിലെ ഹൈദിന്‍ സലാഹ് വടകര സീയം ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് സമിതി അംഗം ബാബു പറമ്പത്ത് ആവശ്യപ്പെട്ടു. പ്രശ്നം ഡിഎംഒ, റൂറല്‍ എസ്പി, കലക്ടര്‍ എന്നിവരെ അറിയിക്കുമെന്ന് തഹസില്‍ദാര്‍ കല ഭാസ്കര്‍ പറഞ്ഞു.
വടകര ആശ ആശുപത്രിക്ക് എതിര്‍വശത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയുടെ വഴി തടസ്സപ്പെടുത്തിയ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തും. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.സജീവ് കുമാര്‍, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ പദ്മിനി, പുറന്തോടത്ത് സുകുമാരന്‍, പി.എം.മുസ്തഫ, എന്‍.കെ.സജിത്ത് എന്നിവര്‍ സംസാരിച്ചു