അഴിയൂര്‍: ദേശീയപാത വികസനം മുന്നേറുമ്പോള്‍ ഉയരപ്പാത വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിവരുന്ന കുഞ്ഞിപ്പള്ളി ടൗണില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കുഞ്ഞിപ്പള്ളിയില്‍ ഉയരപ്പാത ആവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികള്‍ കെ.മുരളീധരന് എംപിക്ക് നിവേദനം നല്‍കിയിരുന്നു. പ്രശ്നം അദ്ദേഹം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം നടത്തിയത്. ഉയരപ്പാത മാത്രമാണ് പരിഹാരമെന്ന് ഭാരവാഹികള്‍ കലക്ടറോട് പറഞ്ഞു. പ്രശ്നം ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. ആര്‍ഡിഒ സി.ബിജു, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ അഷുതോഷ് സിന്‍ഹ, ഭൂമി ഏറ്റെടുക്കല്‍ തഹസില്‍ദാര്‍ രേഖ, പള്ളിക്കമ്മിറ്റി ഭാരവാഹികളായ ടി.ജി.നാസര്‍, കെ.പി.ചെറിയകോയ, ഹമീദ് എരിക്കല്‍, ഹുസൈന്‍കുട്ടി ഹാജി, കെ.അന്‍വര്‍ഹാജി, ടി.അന്‍ഫീര്‍, എം.കെ.മഹമൂദ് ഹാജി, എം.ഇസ്മായില്‍, ടി.സി.എച്ച്.അബൂബക്കര്‍, ടി ജി ഇസ്മായില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. കുഞ്ഞിപ്പള്ളി ടൗണില്‍ ഉയരപ്പാത അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.