
പ്രകൃതിയുടെ വരദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് വടകര സാന്റ്ബാങ്ക്‌സ്. ഈ അഴിമുഖം വിനോദ സഞ്ചാരികളുടെ പറുദീസയായാണ് അറിയപ്പെടുന്നത്. പുഴയും കടലും ഒന്നിക്കുന്ന പ്രകൃതിരമണീയമായ വിനോദസഞ്ചാര
കേന്ദ്രം. കുറ്റ്യാടി പുഴ എന്നു വിളിക്കുന്ന കോട്ടപ്പുഴയും കടലും സംഗമിക്കുന്ന പ്രദേശം അവാച്യമായ അനുഭൂതിയാണ് ഏവര്‍ക്കും പകരുന്നത്. നട്ടുച്ചക്കുപോലും കുളിര്‍ തെന്നല്‍ വീശുന്ന വിശാലമായ ഭൂപ്രദേശം. മണലില്‍ നിന്നുള്ള ചൂട് കുളിര്‍ തെന്നല്‍ അകറ്റുന്നു. എത്ര നേരം ഇരുന്നാലും മടുപ്പ് വരില്ല.
കടല്‍തീരത്തിന്റെ സൗന്ദര്യവും പുഴയോരത്തിന്റെ ശാന്തതയും ഇവിടെ ഒന്നിച്ച് ആസ്വദിക്കാം. ഈ സവിശേഷത അറിഞ്ഞ് എന്നും ആളുകളെത്തുന്നു. നാട്ടുകാരും ദൂരെ ദിക്കില്‍ നിന്നുള്ളവരും പ്രകൃതിയെ അടുത്തറിയുന്നു. കടല്‍ക്കാറ്റേറ്റും പുഴയോട് കിന്നാരം പറഞ്ഞും ആളുകള്‍ നേരം പോക്കുന്നു. കുടുംബങ്ങളോടൊപ്പവും അല്ലാതെയും ആളുകള്‍
വരുന്നു. സുഹൃത്തുക്കളും പ്രണയജോഡികളുമൊക്കെഇവിടെ എത്തി സല്ലപിക്കുന്നു. വല്ലാത്തൊരു സവിശേഷതയാണ് ഈ മണ്ണിന്.
തിരക്കേറിയ വടകര നഗരത്തില്‍ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്ന സാന്റ് ബാങ്ക്‌സില്‍ ആയിരത്തില്‍ പരം വിനോദ സഞ്ചാരികളാണ് ദിവസവും എത്തുന്നത്. കണ്ണിന് കുളിര്‍മയേകുന്ന പുഴയും കടലും സംഗമിക്കുന്ന ഇവിടം വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നതെന്നു വിരുന്നുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സാന്റ്ബാങ്ക്‌സില്‍ പ്രവേശിക്കാന്‍ 10 രൂപയാണ് ടിക്കറ്റ് ചാര്‍ജ്്. തണലേകാന്‍ തെങ്ങിന്‍തോപ്പും ഒരുപാട് വലിയ മരങ്ങളും ഇരിപ്പിടങ്ങളും കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്കുമുണ്ട്. കൂട്ടുകാരുമായോ ഫാമിലിയുമായോ
സമയം ചെലവഴിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം കൂടിയാണിത്. അസ്തമയ കാഴ്ചകള്‍ക്ക് പ്രശസ്തമായ ഈ സ്ഥലം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. വടകരയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ബസ്, ഓട്ടോ, ജീപ്പ് സര്‍വീസുണ്ട്.
-ആദിരാജ് അരൂര്‍















