
കല്‍പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചില്‍ ഇന്ന് നാലാം ദിവസമാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മന്ത്രിമാരായ എ.പി അനില്‍കുമാര്‍,
അഡ്വ. ടി. സിദ്ദിഖ് എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. മണ്ണിടിച്ചിലുണ്ടായ മേഖലയിൽ സംഘം വിശദമായ പരിശോധന നടത്തും. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കും. എത്രയും വേഗം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കും.
















