തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍
കേരളത്തിലാണ് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുള്ളത്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം.
ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
നിര്‍ദേശിച്ചു.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ പാത്തി തുടരുന്നതാണ് മഴ സാധ്യത വര്‍ധിപ്പിക്കുന്നത്. തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനും അതിനോട് ചേര്‍ന്ന പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ മേഖല സ്ഥിതി ചെയ്യുന്നു. ഇത് വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങാനും ക്രമേണ ശക്തി കുറയാനുമാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായി ജൂലൈ 13 വരെ കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















