ചോമ്പാല്‍: മീത്തലെ മുക്കാളിയില്‍ അടിപ്പാത നിര്‍മിക്കേണ്ടത് നാടിന്റെ പ്രധാന ആവശ്യമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി മുല്ലപള്ളി രാമചന്ദ്രന്‍. ദേശീയപാത അധികൃതരുടെ
ഭാഗത്ത് നിന്നുള്ള അവഗണന ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. കേരളത്തിലെ അറിയപ്പെടുന്ന ചോമ്പാല തുറമുഖത്തിന് ദേശീയപാത വികസനത്തില്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും മത്സ്യ വിപണനം നടക്കുന്ന ചോമ്പാല തുറമുഖത്തിന് റോഡ് സൗകര്യം കുറയുന്ന ഘട്ടം വന്നപ്പോള്‍ ഫിഷറീസ് വകുപ്പ് മുന്‍കൈ എടുത്ത് അടിപ്പാതക്ക് വേണ്ടി ഇടപെടേണ്ടതായിരുന്നു. പ്രത്യക്ഷമായും പരോഷമായും നൂറ് കണക്കിന് തൊഴിലവസരമാണ്
ചോമ്പാല തുറമുഖം വഴി നമ്മുടെ നാട് നേടിയെടുത്തത്. തുറമുഖത്തിന്റെ സമഗ്ര വികസന പദ്ധതികള്‍ കേരള സര്‍ക്കാറിന്റെ പരിഗണനയിലാണ്. 1992ല്‍ താന്‍ കേന്ദ്ര കൃഷി -ഫിഷറീസ് മന്ത്രിയായ സമയത്താണ് ഹാര്‍ബര്‍ കൊണ്ടുവന്നത്. മത്സ്യ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ചോമ്പാല ഫിഷിങ്ങ് ഹാര്‍ബര്‍, ബിഇഎം യുപി സ്‌കൂള്‍, ക്രിസ്റ്റ്യന്‍ മുള്ളര്‍ കോളജ്, ക്രൈസ്തവ ദേവാലയം തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും മറ്റുമായി ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സുപ്രധാന വഴിയായിട്ടും ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിച്ചുള്ള പ്രവര്‍ത്തനം
അംഗീകരിക്കാനാവില്ല. അഴിയൂര്‍- വെങ്ങളം ദേശീയ പാതയിലെ അശാസ്ത്രീയ നിര്‍മാണത്തിന് തെളിവാണ് മീത്തലെ മുക്കാളിയില്‍ അടിപ്പാത നിര്‍മിക്കാത്തത്. ദേശീയപാത അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വിഴ്ചയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. വടകര എംപി, എംഎല്‍എ, താലൂക്ക് വികസന സമിതി, ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി എന്നിവയെ അവഗണിച്ചു ദേശീയ പാത അതോറിറ്റി പോകരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
















