
കൊയിലാണ്ടി: ജനങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന പ്രതീക്ഷകള്‍ക്ക് മങ്ങലുണ്ടായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ ജില്ലാ ജനറല്‍ ബോഡി യോഗം കൊയിലാണ്ടി
കൈരളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ അടിത്തറയായ തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവനക്കാരുടെയും ക്ഷേമം മുന്‍ നിര്‍ത്തിയുള്ള പ്രഖ്യാപിത നിലപാടുകളില്‍ ഉറച്ചു നിന്നാല്‍ ഇടതുപക്ഷത്തിന് വലിയ കരുത്തോടെ തിരിച്ചുവരാനാകും. തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ പിന്തുണയിലും അംഗീകാരത്തിലും കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് വോട്ടിംഗ് ശതമാനത്തില്‍ നിന്ന് വ്യക്തമാണ്. കേരളം മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമാണ്. ആഗോള അയ്യപ്പ സംഗമം, പിഎം ശ്രീ ധാരണാപത്രം ഒപ്പിടല്‍ പോലെയുള്ളവ മതനിരപേക്ഷ മനസുകളിലും മതന്യൂനപക്ഷ വിഭാഗങ്ങളിലും സംശയങ്ങളും ആശങ്കകളും ഉണ്ടാക്കി.
വര്‍ഗീയത മാത്രം ആയുധമാക്കി മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാന്‍ ആര്‍എസ്എസും ബിജെപിയും കൊണ്ടുപിടിച്ച് ശ്രമം നടത്തുകയാണ്. പൗരത്വഭേദഗതി നിയമം, എസ്‌ഐആര്‍, എന്‍ഇപി എന്നിവയെല്ലാം ലക്ഷ്യമാക്കുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും ഇടതുപക്ഷത്തെയുമൊക്കെയാണ്. എന്നാല്‍ കേരളം വലിയ ചെറുത്തുനില്‍പ്പുകളാണ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം പരിശോധിച്ചാല്‍ അവര്‍ക്ക് നാമമാത്ര മാറ്റങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാകും. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും വലതുപക്ഷ വികസന നിലപാടുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ജനക്ഷേമ നയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും തിരുത്തലുകള്‍ക്ക്
തയ്യാറാവുകയും ചെയ്യണമെന്നും പ്രകാശ് ബാബു പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ് അധ്യക്ഷത വഹിച്ചു. സെപ്തംബര്‍ ഒന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭ റാലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി വിശദീകരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി വസന്തം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി വി ബാലന്‍, കെ കെ ബാലന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ആര്‍. ശശി, പി. കെ. നാസര്‍ എന്നിവര്‍ സംസാരിച്ചു.
















