
വടകര: കോണ്‍ഗ്രസ്-ലീഗ്- ആര്‍എംപിഐ സഖ്യം നേതൃത്വം കൊടുക്കുന്ന വടകര കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്തുക, ഇബ്രാഹിം ഹാജിയുടെ മരണത്തിനുത്തരവാദികളായവരെ
നിയമത്തിനു മുമ്പില്‍ കൊണ്ടു വരിക, മുഴുവന്‍ നിക്ഷേപകരുടേയും പണം തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര ആര്‍ഡിഒ ഓഫീസിനു മുമ്പില്‍ 15 മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിന് മുന്നോടിയായി 11ന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. 13ന് കേളുഏട്ടന്‍-പി.പി. ശങ്കരന്‍ മന്ദിരത്തില്‍ സമരസഹായ സമിതി രൂപീകരിക്കും. 15ന് രാവിലെ 9.30ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പ്രകടനമായി ആര്‍ഡിഒ ഓഫീസിനു മുമ്പില്‍ പ്രവര്‍ത്തകര്‍ എത്തി സമരം തുടങ്ങും. ദിവസവും രാവിലെ 10
മുതല്‍ അഞ്ച് വരെയാണ് സമരം.
ഇക്കഴിഞ്ഞ മെയ് 29 നാണ് തിരുവള്ളൂര്‍ സ്വദേശിയായ ചിരി കണ്ടോത്ത് ഇബ്രാഹിം ഹാജി സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും മുന്‍ ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീര്‍ കുമാറിന്റെ വീട്ടുവരാന്തയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ബന്ധുക്കളുള്‍പ്പെടെയുള്ളവരുടെ പേരില്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച 72 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാനുണ്ടെന്നാണ് മരിക്കുന്നതിനുമുമ്പ് ഇദ്ദേഹം പുറത്തുവിട്ട വോയിസ് ക്ലിപ്പിലുള്ളത്. തുക കിട്ടാനായി ഇദ്ദേഹം സൊസൈറ്റി പ്രസിഡന്റായിരുന്ന സുധീര്‍ കുമാറിനെയും ഇപ്പോഴത്തെ പ്രസിഡന്റ് ബഷീര്‍ അഹമ്മദിനെയും ഡയറക്ടര്‍മാരെയും സംഘം സെക്രട്ടറിയെയും പല തവണ സമീപിച്ചിട്ടും നിരാശയായിരുന്നു ഫലം. താന്‍ നിക്ഷേപിച്ച തുക ഇവര്‍ മടക്കി തരില്ലെന്ന് മനസ്സിലാക്കിയ ഇബ്രാഹിംകുട്ടി ഹാജി മനംനൊന്ത്
സുധീര്‍ കുമാറിന്റെ വീട്ടുവരാന്തയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തോടു മല്ലിടുമ്പോള്‍ സംഭവസ്ഥലത്തും ആശുപത്രിയില്‍ മരണമൊഴിയായും തന്റെ മരണത്തിനുത്തരവാദി സുധീര്‍ കുമാറാണെന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കേസില്‍ പോലീസ് നിസംഗത തുടരുകയാണ്. മറ്റ് നിരവധി ആളുകളില്‍ നിന്നായി ഈ സൊസൈറ്റി ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ പലരും സഹകരണ വകുപ്പിനും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കോടിക്കണക്കിനു രൂപ ഈ വിധത്തില്‍ പലര്‍ക്കും കിട്ടാനുണ്ട്. വലിയ തട്ടിപ്പു സംഘമായ ഈ സ്ഥാപനം തുടങ്ങുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ആവശ്യമായ എല്ലാ സഹായവും പിന്തുണയും ചെയ്തുവരുന്നത് കോണ്‍ഗ്രസ്, ലീഗ്, ആര്‍എംപി നേതൃത്വവും വടകര-കുറ്റ്യാടി എംഎല്‍എ മാരുമാണെന്നും എല്‍ഡിഎഫ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ടി.പി. ഗോപാലന്‍, കെ.കെ. കൃഷ്ണന്‍, കെ.സി. പവിത്രന്‍, ടി.സി. രമേശന്‍, പി. സോമശേഖരന്‍, ടി.വി. ബാലകൃഷ്ണന്‍, എം.പി. അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.
















