
വടകര: കേരള ജൈവകര്‍ഷകസമിതി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ക്കാട്ടേരി കെ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഏറാമല ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. കെ. പ്രമോദ് വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ജൈവ കര്‍ഷകസമിതി വടകര താലൂക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പൂത്തോളിക്കണ്ടി അധ്യക്ഷത വഹിച്ചു. വടകര മഹാത്മാ ദേശസേവാ ട്രസ്റ്റ് ചെയര്‍മാന്‍ ടി ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ജൈവ കര്‍ഷകന്‍ അബൂബക്കര്‍
ഹാജി വിവിധയിനം ഇലക്കറി സസ്യങ്ങളെ പരിചയപ്പെടുത്തി. കേരള ജൈവകര്‍ഷക സമിതി സംസ്ഥാന കമ്മിറ്റി അംഗം കണ്ണമ്പ്രത്ത് പത്മനാഭന്‍ കാര്‍ഷിക അനുഭവങ്ങള്‍ പങ്കുവെച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി കെ ബിജു, എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ടി എം ബിന്‍സി, ജൈവ കര്‍ഷകസമിതി ജില്ലാ പ്രസിഡന്റ് ഡോ. യു പത്മനാഭന്‍, സമിതി ഏറാമല വില്ലേജ് സെക്രട്ടറി രവീന്ദ്രന്‍ ചള്ളയില്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ വി സീമ സ്വാഗതവും ജൈവ കര്‍ഷക സമിതി വടകര താലൂക്ക് സെക്രട്ടറി പി പി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധയിനം ഇലക്കറികളുടെ പ്രദര്‍ശനവും ഔഷധസസ്യ-ഭക്ഷ്യവിള തൈകളുടെ വിതരണവും നടന്നു.
















