
ന്യൂയോര്‍ക്ക്: റൗണ്ട് ഓഫ് 32 മത്സരത്തില്‍ സ്വീഡനെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സ്വീഡനെ പരാജയപ്പെടുത്തിയത്
കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവിലാണ് ഫ്രാന്‍സിന്റെ വിജയം. ഇതോടെ ഈ ലോകകപ്പില്‍ എംബാപ്പെയ്ക്ക് ആറു ഗോളായി. ബ്രാഡ്ലി ബാര്‍ക്കോളയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയ മറ്റൊരു താരം. മത്സരത്തിലുടനീളം ആക്രമിച്ചുകളിച്ച ഫ്രാന്‍സിനെ പ്രതിരോധിക്കാന്‍ സ്വീഡന്‍ ബുദ്ധിമുട്ടി.
ആദ്യ മിനിറ്റുകളില്‍ സ്വീഡനായിരുന്നു മേല്‍ക്കൈ. പിന്നാലെ ഫ്രാന്‍സ് മത്സരത്തിന്റെ
നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. എംബാപ്പക്കൊപ്പം ഡെംബലയും ഒലിസെയും സ്വീഡിഷ് കോട്ട വിറപ്പിച്ചു. പല ഷോട്ടുകളും പോസ്റ്റില്‍ തട്ടി നിര്‍ഭാഗ്യം കൊണ്ടാണ് പുറത്തേക്ക് പോയത്. ഇടവേളക്കു പിരിയാനിരിക്കെയാണ് എംബാപ്പയിലൂടെ ഫ്രഞ്ചുകാര്‍ ആദ്യം ലീഡെടുക്കുന്നത്. കോര്‍ണറില്‍നിന്ന് ഡെംബല പാസ് ചെയ്ത് നല്‍കിയ പന്ത് സ്വീകരിച്ച എംബാപ്പെ, ഗ്യോക്കറെസിനെയും കബളിപ്പിച്ച് വളരെ വേഗത്തില്‍ ബോക്‌സിനുള്ളിലേക്ക് കടന്നുകയറി സ്വീഡന്റെ ഗോള്‍കീപ്പര്‍ സെറ്റര്‍സ്‌ട്രോമിനെയും
കാഴ്ചക്കാരനാക്കി വലകുലുക്കുകയായിരുന്നു. 53ാം മിനിറ്റില്‍ ബാര്‍കോള ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി.
ബോക്‌സിനു പുറത്തുനിന്ന് മിഖായേല്‍ ഒലിസെ നല്‍കിയ പാസ് സ്വീകരിച്ച ബാര്‍കോള, സ്വീഡിഷ് പ്രതിരോധത്തെ മറികടന്ന് പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 74ാം മിനിറ്റിലാണ് എംബാപ്പെ മത്സരത്തിലെ രണ്ടാം ഗോള്‍ നേടുന്നത്. പ്രീക്വാര്‍ട്ടറില്‍ പാരഗ്വെയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ജര്‍മനിയെ അട്ടിമറിച്ചാണ് പാരഗ്വെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
















