
ഹൂസ്റ്റണ്‍: ജപ്പാനെതിരായ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് എന്ന് തോന്നിപ്പിച്ച നിമിഷത്തില്‍
മാര്‍ട്ടിനെല്ലി നേടിയ ഗോള്‍ ബ്രസീലിന് സമ്മാനിച്ചത് ഉജ്വല വിജയം. ഒന്നിനെതിരെ രണ്ട്
ഗോള്‍ നേടിയാണ് കാനറികളുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ജപ്പാന്‍ തോല്‍വി വഴങ്ങിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് മാര്‍ട്ടിനെല്ലിയുടെ ഗോള്‍ വന്നത്.
ആദ്യ പകുതിയില്‍ 29ാം മിനിറ്റില്‍ കൈഷു സാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. ബ്രസീലിന്റെ മിസ് പാസ് മുതലെടുത്ത സാനോ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലാണ് ഗോള്‍ പിറന്നത്. പന്തടക്കത്തില്‍ ബ്രസീലാണ് മുന്നിട്ട് നിന്നതെങ്കിലും പ്രത്യാക്രമണത്തിലൂടെ കളം
നിറയുകയായിരുന്നു ജപ്പാന്‍. ഗോള്‍ മടക്കാന്‍ ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം കാണാനായില്ല. ജാപ്പനീസ് ഗോള്‍മുഖം നിരന്തരം ആക്രമിച്ചുവെങ്കിലും സംഘടിത പ്രതിരോധമായിരുന്നു ജപ്പാന്റെ ആയുധം.
എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ദ്ധിത വീര്യത്തോടെയാണ് ബ്രസീല്‍ ആക്രമിച്ച് കളിച്ചത്. 56ാം മിനിറ്റില്‍ ഇതിന് ഫലവും കണ്ടു. തകര്‍പ്പന്‍ ഹെഡറിലൂടെ കസിമെറോ ബ്രസീലിനെ ഒപ്പമെത്തിച്ചു. പിന്നീട് ലീഡിനായി ബ്രസീല്‍ ആക്രമണം കടുപ്പിച്ചു. ഒടുവില്‍ 95ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വല കുലുക്കുകയായിരുന്നു
















