
വടകര: എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവര്‍ത്തികളുടെ ഒരു മതരാഷ്ട്രം സൃഷ്ടിക്കാനുമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതതെന്ന് സിപിഎം സംസ്ഥാന
സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. സിപിഎം നേതാവ് എം ദാസന്റെ ചരമ വാര്‍ഷിക ദിനാചരണ ഭാഗമായി ചോറോട് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം തകരാതിരിക്കാനും സകല മനുഷ്യര്‍ക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാര്‍ വാഴ്ചയ്ക്കെതിരെ ശക്തമായി പൊരുതുകയല്ലാതെ മറ്റു വഴികളില്ലെന്ന് സ്വരാജ് പറഞ്ഞു. കേരളത്തിലെ സംഘ പരിവാറും കോണ്‍ഗ്രസും ഒരേ മനസോടെ സഞ്ചരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. യുഡിഎഫ് സര്‍ക്കാരിന്റ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മണിക്കുറുകള്‍ക്കകം ആര്‍എസ്എസിന്റെ അഭിനന്ദനമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് ലഭിച്ചതെന്ന് നാം കാണണം. മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന
ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.അബ്ദുള്‍ അസീസ് കോറോത്ത് അധ്യക്ഷനായി.
രാവിലെ വീട്ടുവളപ്പിലെ എം.ദാസന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പുഷ്പചക്രം സമര്‍പ്പിച്ചു. ഏരിയാ കമ്മറ്റിയംഗം ഡോ:അബ്ദുള്‍ അസീസ് കോറോത്ത് അധ്യക്ഷനായി. എം ദാസന്റെ പത്നിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്, കെ.കെ ലതിക, ജില്ല ജില്ലാസെക്രട്ടറിയറ്റംഗം സി. ഭാസ്കരന്, ജില്ലാകമ്മിറ്റിയംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി, ഏരിയാ സെക്രട്ടറി ടിപി ബിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്കല്‍ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു.
















