
വടകര: രാജ്യത്തെ സന്നദ്ധ-സാമൂഹിക സേവന മേഖലയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെയും ജനക്ഷേമ പദ്ധതികളെയും തകിടം മറിക്കുന്ന വിദേശ സംഭാവന
നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) കടുത്ത ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. കേവലം രാഷ്ട്രീയ താല്പര്യങ്ങളുടെയും പ്രതികാര ബുദ്ധിയുടെയും പേരില്‍ എന്‍ജിഒകളുടെയും ജനകീയ കൂട്ടായ്മകളുടെയും കൈകാലുകള്‍ കെട്ടിയിടാനാണ് സര്‍ക്കാര്‍ ഈ കരിനിയമത്തിലൂടെ ശ്രമിക്കുന്നത്. വികേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട സന്നദ്ധ സംഘടനകളെയും അവരെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെയും
ഈ പരിഷ്‌കാരം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയ മേഖലകളില്‍ പതിറ്റാണ്ടുകളായി സതുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ മാത്രമേ ഈ ഭേദഗതികള്‍ ഉപകരിക്കൂ. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലും ഫണ്ട് കൈമാറ്റത്തിലും കൊണ്ടുവന്നിട്ടുള്ള കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തെ സിവില്‍ സൊസൈറ്റിയുടെ സ്വതന്ത്രമായ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
കോവിഡും പ്രകൃതിദുരന്തങ്ങളും ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍
സംവിധാനങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ കഴിയാതിരുന്ന ഇടങ്ങളില്‍ ഓടിയെത്തി ജനങ്ങളെ സഹായിച്ച വലിയ ചരിത്രമാണ് രാജ്യത്തെ മിക്കവാറും സന്നദ്ധ സംഘടനകള്‍ക്കുള്ളത്. അവരെ ഒന്നാകെ സംശയ നിഴലില്‍ നിര്‍ത്തുന്നതും ശ്വാസം മുട്ടിക്കുന്നതുമായ നടപടികള്‍ ഒരു ജനാധിപത്യ രാജ്യത്തിന് ഒട്ടും യോജിച്ചതല്ല.
പ്രവര്‍ത്തനത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം സന്നദ്ധ മേഖലയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പാര്‍ലമെന്റിനകത്തും പുറത്തും നിയമഭേദഗതിക്കെതിരെയുള്ള ശക്തമായ പ്രതിഷേധം തുടരുമെന്നും ഷാഫി പറമ്പില്‍ എംപി വ്യക്തമാക്കി.
















