കൊയിലാണ്ടി: വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചു മാറ്റിയ കൊയിലാണ്ടിയിലെ പഴയ ബസ് സ്റ്റാന്റിന് സമീപത്തായി സ്ഥാപിച്ച താല്‍കാലിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ഇനിയും
ശാപമോക്ഷമായില്ല. ദേശീയ പാതയോരത്ത് പുതിയ ബസ് സ്റ്റാന്റ് കവാടത്തിന് എതിര്‍വശത്തെ ചെറിയ ഷെഡാണ് ഇപ്പോഴും ബസ് കാത്തിരിപ്പ് കേന്ദ്രമായി ദീര്‍ഘദൂര യാത്രക്കാര്‍ ഉപയോഗിച്ച് വരുന്നത്. വടകര-തലശ്ശേരി കണ്ണൂര്‍ ഭാഗത്തേക്കുള്ള നിരവധി യാത്രക്കാരാണ് സ്റ്റോപ്പിന്റെ അസൗകര്യം മൂലം ദുരിതമനുഭവിക്കുന്നത്. തൊട്ടടുത്ത വലിയ ഷോപ്പിംഗ് കോംപ്ലക്‌സിനും മൃഗാശുപത്രിക്കും ഇടയിലായതിനാല്‍ ഇവിടെ നിന്ന് തിരിയാനിടമില്ല. ഇരിപ്പിട സൗകര്യവും പരിമിതം. വെയിലും മഴയും കൊണ്ടുവേണം യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍. ഇതിനിടയില്‍ ഏതാനും ഓട്ടോകളും ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. കാലത്തും വൈകീട്ടുമാണ് സ്റ്റോപ്പില്‍ യാത്രക്കാരേറുന്നത്. സ്ഥല പരിമിതിമൂലം ഈ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് പാതയോരത്തേക്ക് നീങ്ങി നില്‍ക്കേണ്ടിവരും. സ്റ്റോപ്പിലേക്ക് കുതിച്ചെത്തുന്ന ബസുകള്‍ കണ്ട് പിന്‍മാറാന്‍ ഒരിഞ്ച് സ്ഥലം പോലുമുണ്ടാവില്ല. ഷോപ്പിംഗ് കോംപ്ലക്‌സ് തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ഇവിടെ തിരക്ക് വര്‍ധിക്കാനാന്ന് സാധ്യത. ഈ കേന്ദ്രത്തില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗകര്യപ്രദമായവിധം വൈഫൈ സംവിധാനമുള്‍പ്പെടെ ലഭ്യമാകുന്ന രീതിയില്‍ ബസ് സ്റ്റോപ്പ് സ്ഥാപിക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
-സുധീര്‍ കൊരയങ്ങാട്















