
ബോസ്റ്റണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്തുവിട്ട ആത്മവിശ്വാസവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തില്‍ തിരിച്ചടി. ബോസ്റ്റണ്‍
സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അച്ചടക്കമുള്ള പ്രതിരോധവുമായി ഇറങ്ങിയ ഘാന, ഇംഗ്ലണ്ടിനെ ഗോളില്ലാ സമനിലയില്‍ തളച്ചു. ഈ സമനിലയോടെ ഗ്രൂപ്പ് എല്‍-ല്‍ ഒന്നാമതാണെങ്കിലും, നോക്കൗട്ട് ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.
ക്രൊയേഷ്യയ്ക്കെതിരെ മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ച ഇംഗ്ലണ്ടിന് ഘാനയുടെ പ്രതിരോധം ഭേദിക്കാന്‍ സാധിച്ചില്ല. ആദ്യ 57 മിനിറ്റ് വരെ ഇംഗ്ലണ്ടിന് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല എന്നത് തോമസ് തുഷേലിന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായി. ഘാനയാകട്ടെ, പ്രതിരോധത്തില്‍ ഊന്നുകയും ഇടയ്ക്കിടെയുള്ള കൗണ്ടര്‍ അറ്റാക്കുകളിലൂടെ
ഇംഗ്ലീഷ് പ്രതിരോധത്തെ വിറപ്പിക്കുകയും ചെയ്തു.
മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ തുഷേല്‍ പല പരീക്ഷണങ്ങളും നടത്തി. ആന്റണി ഗോര്‍ഡന് പകരം ബുക്കായോ സാകയെയും ജൂഡ് ബെല്ലിങ്ഹാമിന് പകരം മോര്‍ഗന്‍ റോജേഴ്‌സിനെയും കളത്തിലിറക്കി. സാകയുടെ ഒരു മികച്ച ഷോട്ട് ഘാന ഗോളി ബെഞ്ചമിന്‍ അസാരെ തട്ടിയകറ്റിയപ്പോള്‍, പകരക്കാരനായി എത്തിയ നിക്കോ ഒറില്ലിയുടെ ഹെഡര്‍ ബാറില്‍ തട്ടി മടങ്ങി. മാര്‍ക്ക് ഗുഹിയുടെ മറ്റൊരു ഹെഡര്‍ ഗോള്‍ലൈനില്‍ വെച്ചാണ് ഘാന പ്രതിരോധം രക്ഷപ്പെടുത്തിയത്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പാനമയ്ക്കെതിരെ ജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് നോക്കൗട്ട് ഘട്ടത്തില്‍ സുരക്ഷിത സ്ഥാനമുറപ്പിക്കാനാകൂ. താരതമ്യേന ദുര്‍ബലരായ ഘാനയ്ക്കെതിരായ ഈ സമനില ഇംഗ്ലീഷ് ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
















