
ഹൂസ്റ്റണ്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഉസ്ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍
മികവില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഉസ്ബെക്കിസ്ഥാനെ തകര്‍ത്തത്. നുനോ മെന്‍ഡസ്, റാഫേല്‍ ലിയാവോ എന്നിവരും ഗോള്‍ സ്കോറര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. ഉസ്ബെക്കിസ്ഥാന് താരം അബ്ദുഖോദിര്‍ ഖുസാനോവിന്റെ സെല്‍ഫ് ഗോളാണ് പോര്‍ച്ചുഗലിന്റെ ലീഡ് അഞ്ചാക്കിയത്.
ആദ്യ മത്സരത്തിലെ അപ്രതീക്ഷിത സമനിലയ്ക്ക് ശേഷം, രണ്ട് മാറ്റങ്ങളുമായാണ് പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ് ഇന്ന് ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ബെര്‍ണാഡോ സില്‍വയെ ഇന്ന് ബെഞ്ചിലിരുത്തി ജോവോ ഫെലിക്സിന്
അവസരം നല്കി. പ്രതിരോധതാരം തോമസ് അറൂജോക്ക് പകരം റൂബന്‍ ഡയസും ആദ്യ ഇലവനില്‍ ഇടം പിടിച്ചിരുന്നു. മധ്യനിരയില്‍ ബ്രൂണോ ഫെര്‍ണാണ്ടസും വിറ്റീഞ്ഞയും നടത്തിയ നീക്കങ്ങള്‍ ഉസ്ബെക്കിസ്ഥാന് പ്രതിരോധത്തെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചു. ഫാബിയോ കന്നവാരോയുടെ കീഴില്‍ എത്തിയ ഉസ്ബെക്കിസ്ഥാന് ടീം തുടക്കത്തില്‍ ചില ചെറുത്തുനില്‍പ്പുകള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗലിന്റെ വേഗതയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കളിച്ച രണ്ട് കളിയിലും തോല്‍വി ഏറ്റുവാങ്ങിയ ഉസ്ബെക്കിസ്ഥാന് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
















