
വടകര: വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂര്‍ തുരുത്തി
ലോക്കല്‍ കമ്മിറ്റി അംഗവുമായ ജിതിന്‍ ഭാസ്‌കറിനെയാണ് (28) ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.മനോഹരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തെളിവില്ലെന്ന് കണ്ട് അവസാനിപ്പിച്ച കേസിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ രൂപീകരിച്ച എസ്‌ഐടി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ജിതിന്‍ ഭാസ്‌കറിനെ എസ്‌ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വീണ്ടും വിളിച്ചു
വരുത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക ഐക്യം തകര്‍ത്ത് കലാപത്തിനുള്ള ശ്രമം-153 എ, തെളിവ് നശിപ്പിക്കല്‍-201, 109 പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിലും പ്രചരിപ്പിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസില്‍ ഡിവൈഎഫ്ഐ, സിപിഎം
പ്രവര്‍ത്തകരായ ഒമ്പതു പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റിബേഷ് രാമകൃഷ്ണന് സ്‌ക്രീന്‍ഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നായിരുന്നു. ഈ ഗ്രൂപ്പ് തന്നെയാണ് വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് ആര് നിര്‍മിച്ചു എന്നത് സംബന്ധിച്ച അന്വേഷണത്തിലേക്കാണ് എസ്‌ഐടി നീങ്ങുന്നത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ
പ്രചരിച്ചതാണ് വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. ഷാഫി അഞ്ചു നേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനെന്നും എതിര്‍സ്ഥാനാര്‍ഥി കാഫിറായ സ്ത്രീയെന്നുമാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്. ഇതിനെതിരെ എല്‍ഡിഎഫാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തിരുവള്ളൂരിലെ മുഹമ്മദ്
കാസിമിനെയാണ് പോലീസ് പ്രതി ചേര്‍ത്തതും. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം മുന്നോട്ടു പോയിരുന്നില്ല.
















