
കോഴിക്കോട്: നിപ, ഷിഗെല്ല രോഗങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ മലേറിയ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി.
തിക്കോടിയില്‍ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം മധ്യപ്രദേശില്‍ നിന്നാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന യുവാവിനാണ് മലേറിയ ബാധിച്ചത്. ഇവിടെ അതിഥി തൊഴിലാളികളായ 15 ഓളം പേര്‍ ഒന്നിച്ച് താമസിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവര്‍ താമസിക്കുന്ന ക്യാംപിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. മറ്റുള്ളവരുടെ രക്ത സാംപിളുകള്‍ ശേഖരിച്ചു. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ മാത്രം സംസ്ഥാനത്ത് എട്ടു പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഈ മാസം മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 71 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 147 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഷിഗെല്ല ബാധിച്ച് രണ്ട് പേര്‍ മരിച്ചുവെന്നതാണ് ഏറ്റവും ആശങ്കാജനകമായ വാര്‍ത്ത. മലപ്പുറം സ്വദേശിയായ ഏഴുവയസുകാരന്റെയും കഴിഞ്ഞ മാസം തൃശൂരില്‍ 43 കാരന്റെയും മരണം ഷിഗെല്ല മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.
മൂന്ന് വ്യത്യസ്ത രോഗങ്ങള്‍ ഒരേസമയം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടെ നിപ സമ്പര്‍ക്ക പട്ടികയിലുള്ള
കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകയുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയത് വലിയ ആശ്വാസമാണ് നല്‍കുന്നത്. അതേസമയം, വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്ന രോഗിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിക്കോടിയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
പയ്യോളി: തിക്കോടി പഞ്ചായത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ
സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗബാധിതന്റെ താമസസ്ഥലവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍, ഉറവിട നശീകരണം, ആരോഗ്യ ബോധവത്കരണം എന്നിവ നടന്നു വരികയാണ്.
പ്രദേശവാസികള്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വ്യക്തിശുചിത്വം പാലിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പനി, വിറയല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ സമീപ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചു.
















