കോഴിക്കോട്: ജൂണ്‍ 12ന് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ
മന്ത്രി കെ.മുരളീധരന് അറിയിച്ചു. നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവായിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഫലം ലഭിച്ചത്. സമ്പര്‍ക്ക പട്ടികയിലെ നാലു പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തില്‍ പെട്ടവരാണ്. ഇതോടെ വളരെ ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ നാലു പേരും ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ 14 പേരും കുറഞ്ഞ റിസ്ക് വിഭാഗത്തില്‍ 82 പേരും ഉള്‍പ്പെടെ നിലവില്‍ 100 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന് അഞ്ചിലെ 35
വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സര്‍വേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദര്‍ശനം പൂര്‍ത്തിയായി. രോഗബാധിതന് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. 48 മണിക്കൂര്‍ കഴിഞ്ഞ് മെഡിക്കല്‍ ബോര്‍ഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണല്‍ ആന്റിബോഡി നല്‍കുന്നതായിരിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള വിദഗ്ധസംഘം രോഗിയെ അഡ്മിറ്റ് ചെയ്ത മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.















