
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന് കോണ്‍ഗ്രസ്.
പരീക്ഷാ തട്ടിപ്പുകള്‍, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ്
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ അഴിമതികളും നേരിട്ടു ബാധിച്ച വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍, യുവജന സംഘടനകള്‍, അധ്യാപകര്‍ എന്നിവരെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് വന്‍തോതിലുള്ള കണ്‍വന്‍ഷനുകള്‍ക്ക് വരുംനാളുകളില്‍ രാഹുല്‍ നേതൃത്വം നല്‍കും.
ഈമാസം 17ന് രാജസ്ഥാനിലെ കോട്ടയില്‍നിന്ന് ആരംഭിച്ച് ജൂലൈ പത്തിന് അലഹബാദ്, 11ന്
പാറ്റ്‌ന, 14ന് ഡല്‍ഹി എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച, വര്‍ധിച്ചുവരുന്ന പരീക്ഷാചെലവുകള്‍, സുതാര്യവും നീതിയുക്തവുമായ റിക്രൂട്ട്‌മെന്റ്, വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിനുണ്ടാകുന്ന പരാജയം തുടങ്ങിയ വിഷയങ്ങള്‍ പ്രതിഷേധത്തില്‍ ഉയര്‍ത്തിക്കാട്ടും.
ഇതോടൊപ്പം രാജ്യത്തെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്തും പ്രതിഷേധപരിപാടികള്‍ ശക്തമാക്കും. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവരോടൊപ്പം നിന്നുകൊണ്ട് പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ത്താനുള്ള ശ്രമമാണ്
കോണ്‍ഗ്രസ് നടത്തുന്നത്. ഇന്ത്യാ മുന്നണി യോഗത്തിലും അതിനുശേഷം നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലും വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
പ്രതിപക്ഷപാര്‍ട്ടികളുടെ സമരരീതികള്‍ മാറണമെന്ന നിലപാടാണ് രാഹുലിനുള്ളത്. ആന്‍ഡമാന്‍ നിക്കോബാറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി ആ നാടിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി അവിടെ നിരന്തരം സന്ദര്‍ശിച്ച രാഹുല്‍ വിഷയം ഏറ്റെടുത്തിരുന്നു.
















