വടകര: ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതില്‍ വടകര നഗരസഭ അലംഭാവം തുടര്‍ന്നാല്‍ സമരം സംഘടിപ്പിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
ഭാരവാഹികളുടെയും തൊഴിലാളി യൂനിയന്‍ നേതാക്കളുടേയും സംയുക്ത യോഗം മുന്നറിയിപ്പു നല്കി. ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തിവന്ന കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളിലെ ബസുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റുന്നതിന് മുമ്പായി എസ്പി ഓഫീസ് മുതല്‍ കൈനാട്ടിവരെ സര്‍വീസ് റോഡ് നവീകരിക്കുമെന്നും മാര്‍ക്കറ്റ് റോഡ്, ജെടി റോഡ്, മെയിന്‍ റോഡ് എന്നിവിടങ്ങളിലെ അനധികൃത പാര്‍ക്കിംഗും ഗതാഗത കുരുക്കും ഒഴിവാക്കുമെന്നും നഗരസഭ നല്കിയ ഉറപ്പ് അടിയന്തിരമായി പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് ലിങ്ക് റോഡില്‍ നിന്നു ബസുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റുന്നതെന്നും അതിന് മുന്‍പായി തൊഴിലാളി യൂനിയന്‍ നേതാക്കളും ബസുടമ ഭാരവാഹികളും ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്നും നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ഉറപ്പ് തന്നിരുന്നതാണ്. എന്നാല്‍ ബസുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റിയിട്ട് രണ്ടാഴ്ച ആവുമ്പോഴും നഗരസഭ നല്കിയ ഉറപ്പ് പാലിക്കപ്പെടാത്തതുകൊണ്ട് സര്‍വീസ് റോഡിലും മാര്‍ക്കറ്റ് റോഡിലും ജെടി റോഡിലും ഗതാഗത കുരുക്ക് രൂക്ഷമായി തുടരുകയാണ്. ഇത് കാരണം ബസ്സുകള്‍ക്ക് സമയക്രമം പാലിച്ച് സര്‍വീസ് നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ബസ്
തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ സമയത്ത് ഭക്ഷണം കഴിക്കാനോ പറ്റുന്നില്ല. കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടിലെ ബസ്സുകള്‍ക്ക് എല്ലാ ട്രിപ്പും ഓടിക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും വരുമാനം നഷ്ടമാണ് ഉണ്ടാവുന്നത്. ആയതിനാല്‍ നഗരസഭ നല്കിയ ഉറപ്പ് ജൂണ്‍ 20 ന് മുന്‍പായി നടപ്പിലാക്കണം. ഇല്ലെങ്കില്‍ 22 മുതല്‍ വടകര താലൂക്കിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ യോഗം തീരുമാനിച്ചു. കെ.ടി.സുഷിന് അധ്യക്ഷത വഹിച്ചു. ബസ് ഒപ്പറേറ്റേഴ്സ് ഭാരവാഹികളായ എം.കെ.സുരേഷ് ബാബു, കെ.കെ.മനോജ്, പി.സുനില്‍കുമാര്‍, എ.പി.ഹരിദാസന്, സി.സുനില്‍, സുനില്‍ ശ്രീരാം, തൊഴിലാളി യൂനിയന്‍ നേതാക്കളായ എ.സതീശന്, എം.ബാലകൃഷ്ണന്, മടപ്പള്ളി മോഹനന്, വിനോദ് ചെറിയത്ത്, പി.സജീവ് കുമാര്‍, കെ.പ്രകാശന് എന്നിവര്‍ സംസാരിച്ചു.















