മണിയൂര്‍: കുട്ടികളില്‍ പ്രകൃതിബോധവും നാട്ടറിവുകളും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മണിയൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ പ്രകൃതി
പഠനയാത്ര സംഘടിപ്പിച്ചു. നാടറിയാം എന്ന പേരില്‍ നടത്തിയ വേറിട്ടൊരു പഠനയാത്ര കുറുന്തോടി യുപി സ്‌കൂള്‍ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദിന്‍ഷ ഫ്‌ലാഗ് ഓഫ് ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിജിത്ത് ലാല്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ചരിത്ര പ്രാധാന്യമുള്ളതും പ്രകൃതിരമണീയവുമായ പ്രദേശങ്ങളിലേക്കായിരുന്നു യാത്ര. തെക്കിനി ചാത്തോത്ത് കാവ്, തുരുത്തി വയല്‍, പ്ലാന്ററ, ചങ്ങരോത്ത് താഴ ചീര്‍പ്പ്, മാങ്ങമൂഴി സ്‌നാനഘട്ട്, മാക്കുന്ന് മല എന്നീ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. നാട്ടിലെ പ്രകൃതിസമ്പത്തിനെ അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാനുമായി സംഘടിപ്പിച്ച യാത്ര കുട്ടികള്‍ക്ക് വേറിട്ട അറിവു പകരാന്‍ വഴിയൊരുക്കി. യാത്രയുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പഠനക്ലാസുകളും ഒരുക്കി. നരേന്ദ്രനാഥ് പല്ലവി ചിത്രശലഭങ്ങളെക്കുറിച്ചും രാജീവന്‍ കണ്ണമ്പത്ത് പ്രകൃതിസൗഹൃദ
ജീവിതത്തെക്കുറിച്ചും ജി.കെ.പ്രശാന്ത് വന്യജീവികളെക്കുറിച്ചും കൊയപ്ര സുരേന്ദ്രന്‍ ചെരണ്ടത്തൂര്‍ ചിറയുടെ പ്രത്യേകതകളെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. ചെരണ്ടത്തൂര്‍ ചിറയിലെ പക്ഷികളെ ആസ്പദമാക്കി മോഹനന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനം യാത്രയ്ക്ക് മാറ്റുകൂട്ടി. പഞ്ചായത്തിലെ 26 വിദ്യാലയങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 120 വിദ്യാര്‍ഥികളും 25 അധ്യാപകരുമാണ് പഠനയാത്രയില്‍ പങ്കാളികളായത്. ടീം ലീഡര്‍ അബ്ദുസലാം.എം (എച്ച്എം മണിയൂര്‍ എംഎല്‍പി), യാത്രാ മാനേജര്‍ സിനുരാജ്.കെ (എച്ച്എം മന്ദത്ത് കാവ് യുപി), ബിനീഷ് പിലാത്തോട്ടത്തില്‍ (പിഇസി കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം നല്‍കി.















