
മെക്‌സിക്കോ: ഫിഫ ഫുട്ബാള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ‘എ’യിലെ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ പ്രതീക്ഷകളായ ദക്ഷിണ കൊറിയക്ക് വിജയത്തുടക്കം. മെക്സിക്കോയിലെ സാപോപനിലുള്ള
എസ്റ്റാഡിയോ ഗ്വാദലജര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊറിയ വീഴ്ത്തിയത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചിട്ടും ഒരു ഗോളിനു പിന്നില്‍പോയശേഷമാണ് കൊറിയ അര്‍ഹിച്ച ജയം പിടിച്ചെടുത്തത്. മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. കൊറിയക്കായി 67ാം മിനിറ്റില്‍ ഹവാങ് ഇന്‍ ബിയോമും 80ാം മിനിറ്റില്‍ ഓ ഹ്യൂങ് ഗ്യൂവും വലകുലുക്കി. 59ാം മിനിറ്റില്‍ ലാഡിസ്ലാവ് ക്രെയ്ചിയാണ് ചെക്കിന്റെ ആശ്വാസ ഗോള്‍
നേടിയത്. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ട് തൊടുക്കുന്നതിലും കൊറിയക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍, കളിയുടെ ഒഴുക്കിന് വിപരീതമായി കൊറിയയെ ഞെട്ടിച്ച് ചെക്ക് റിപ്പബ്ലിക്കാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്.
ലാഡിസ്ലാവ് ക്രെയ്ചിയുടെ ഒരു കിടിലന്‍ ഹെഡ്ഡറാണ് ഗോളായത്. ബോക്‌സിനുള്ളിലേക്ക് വ്‌ലാദിമിര്‍ കൂഫല്‍ എറിഞ്ഞ ഒരു ലോങ് ത്രോയാണ് ഗോളിന് വഴിയൊരുക്കിയത്. അതുവരെ ആക്രമണ ഫുട്ബാള്‍ കളിച്ച കൊറിയ ശരിക്കും ഞെട്ടി! ഗോള്‍ വഴങ്ങിയതോടെ കൊറിയ ആക്രമണം ശക്തമാക്കി. അധികം വൈകാതെ അതിനുള്ള ഫലവും കിട്ടി. 66ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ പന്ത് ലഭിച്ച മധ്യനിരതാരം ഹവാങ് ബിയോം, ചെക്ക് പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പര്‍ മാറ്റേജ് കോവറിനെയും കബളിപ്പിച്ച് മനോഹരമായി പന്ത്
വലയിലാക്കി.
പിന്നാലെ കൊറിയന്‍ കോച്ച് സൂപ്പര്‍താരം സണ്‍ ഹ്യുങ് മിന്നിനെ പിന്‍വലിച്ച് ഓ ഹ്യുങ്-ഗ്യുവിനെ കളത്തിലിറക്കി. അധികം വൈകാതെ താരം ടീമിന്റെ രക്ഷകനായി അവതരിക്കുന്നതാണ് കണ്ടത്. ഹവാങ് ഇന്‍-ബിയോം വലതുവിങ്ങില്‍ നിന്നു നല്‍കിയ ക്രോസ് ഓ ഹ്യുങ്-ഗ്യു വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതോടെ ചെക്ക് താരങ്ങള്‍ ഉണര്‍ന്നു കളിച്ചു. ചെക്കിന്റെ ടോമാസ് സൗസെക് ഫ്രീ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി, റഫറി ഗോള്‍ നിഷേധിച്ചു. അവസാന മിനിറ്റില്‍ ചെക്ക് താരം മിഖായേല്‍ സാഡിലകിന്റെ ലോങ് ഷോട്ട് കൊറിയന്‍ ഗോള്‍കീപ്പര്‍ കിം സ്യൂങ്-ഗ്യൂ തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി. ഒടുവില്‍ 2-1ന് കൊറിയ മത്സരം സ്വന്തമാക്കി.
















