
മെക്‌സിക്കോ സിറ്റി: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ സാഫല്യനിമിഷങ്ങള്‍ സമാഗതമായി. ഇന്ന് അര്‍ധരാത്രി പിന്നിടുന്നതോടെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്
കിക്കോഫ്. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാം തവണയാണ് ലോകകപ്പ് ഉദ്ഘാടനമത്സരത്തില്‍ ആസ്‌ടെക് സ്റ്റേഡിയം വേദിയാകുന്നത്. ഇത് പുതുചരിത്രം. ടീമുകള്‍ 32ല്‍നിന്ന് 48 ആയതാണ് മറ്റൊരു പുതുമ. ജൂലൈ 19ന് ന്യൂജേഴ്‌സിയിലാണ് ഫൈനല്‍.
52 വര്‍ഷത്തിനുശേഷം ഹെയ്തിയും കോംഗോയും 40 വര്‍ഷത്തിനുശേഷം ഇറാക്കും ലോകകപ്പിനെത്തുന്നു. ഓസ്ട്രിയ, സ്‌കോട്ലന്‍ഡ്, നോര്‍വേ എന്നീ ടീമുകളും ലോകവേദിയില്‍ തിരിച്ചെത്തുകയാണ്. കേപ് വെര്‍ദെ, കുറസാവോ, ജോര്‍ദാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ
രാജ്യങ്ങള്‍ അരങ്ങേറ്റം കുറിക്കും. യുദ്ധത്തിന്റെ മുറിവുകളുമായി ഇറാനും ബൂട്ട് കെട്ടും. ലയണല്‍ മെസിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും നെയ്മറിനും ഇത് അവസാന ലോകകപ്പ് അരങ്ങാണ്.
ഫുട്‌ബോള്‍ ജീവനും ശ്വാസവുമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മുതല്‍ ലോകകപ്പില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇനി ഒരു മാസത്തിലേറെ ഒരു പന്തിനു പിറകെയാണ്. ലോകത്തെ ഒരുമിപ്പിക്കുന്ന മഹത്തായ കായികസംഭവത്തിന് ലോകമൊരുങ്ങി.
















