ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും
മുന്‍കൂര്‍ ജാമ്യം. അഞ്ച് പ്രതികള്‍ക്ക് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഗണ്‍മാന്‍ അനില്‍ കുമാര്‍, പോലീസുകാരായ എസ്.സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് ഉത്തരവ്. ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസാണ് വിധി പറഞ്ഞത്. പ്രതികളെ കസ്റ്റഡിയില്‍ വേണ്ടത് തെളിവ് കണ്ടെത്താനാണെന്ന പ്രോസിക്യൂഷന്‍ വാദവും സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി തള്ളി. നിലവില്‍ പ്രതികള്‍ ഉപയോഗിച്ച ലാത്തി സറണ്ടര്‍ ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി തള്ളി. മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു അതിന് സാധ്യത. നിലവില്‍ സര്‍ക്കാര്‍ മാറി. മുന്‍പത്തെ സ്ഥിതി നിലവിലില്ല. പരാതിക്കാര്‍ സാധാരണക്കാരല്ല. ഒരാള്‍
എംഎല്‍എയും മറ്റൊരാള്‍ പ്രധാന സംഘടനയുടെ ഭാരവാഹിയുമാണെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടുവെന്നതും വിശ്വസിക്കാനാകില്ല. സംഭവസമയത്ത് പ്രതികള്‍ ചെയ്തത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണെന്നു കോടതി നിരീക്ഷിച്ചു. ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വധശ്രമക്കുറ്റം ചുമത്തിയത്. കേസില്‍ പ്രതികളായ അഞ്ച് പേരെയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്‌ഐടി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ നടപടി.















