
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സംവിധാനം പൂര്‍ണമായും തകര്‍ന്നതായി ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ എംപി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തെ 23 ലക്ഷത്തോളം വരുന്ന യുവജനങ്ങളുടെ പ്രതീക്ഷയെയും ഭാവിയെയുമാണ് ഈ പരീക്ഷാ അട്ടിമറിയിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. 2024ല്‍ ഉണ്ടായ സമാനമായ വന്‍ സുരക്ഷാ വീഴ്ചകള്‍ക്ക് ശേഷവും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതാണ് ഈ പ്രതിസന്ധി വീണ്ടും ആവര്‍ത്തിക്കാന്‍ കാരണം. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന വന്‍ മാഫിയകള്‍ക്കും
ലോബികള്‍ക്കും മുന്നില്‍ രാജ്യത്തെ പരീക്ഷാ സംവിധാനം വീണ്ടും മുട്ടുമടക്കിയത് തികച്ചും ലജ്ജാകരമാണെന്നും പണമുള്ളവര്‍ക്ക് മാത്രം ചോദ്യപേപ്പര്‍ മുന്‍കൂട്ടി വില്‍ക്കുന്ന ഈ അവസ്ഥ രാജ്യത്തെ മെറിറ്റ് സംവിധാനത്തെയും മെഡിക്കല്‍ മേഖലയുടെ നിലവാരത്തെയും പൂര്‍ണമായി തകര്‍ക്കുമെന്നും അദ്ദേഹം കത്തില്‍ ആശങ്ക രേഖപ്പെടുത്തി.
നിരന്തരം പരാജയപ്പെടുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) നേതൃത്വത്തിന് മേല്‍ ക്രിമിനല്‍ ഉത്തരവാദിത്തം ചുമത്തണമെന്നും ഈ സംവിധാനം പൂര്‍ണമായി അഴിച്ചുപണിയുകയോ പകരം സുരക്ഷിതമായ പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ
ചെയ്യണമെന്ന് എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി, ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയകള്‍, പ്രസ്സുകള്‍, കോച്ചിംഗ് സെന്റര്‍ തലവന്മാര് എന്നിവരെ വിചാരണ ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കണം. കൂടാതെ പേപ്പര്‍ അച്ചടിയിലും കൈമാറ്റത്തിലുമുള്ള സുരക്ഷാ വീഴ്ചകള്‍ ശാശ്വതമായി ഒഴിവാക്കാന്‍ അത്യാധുനിക എന്‍ക്രിപ്റ്റഡ് സെര്‍വറുകള്‍ വഴി മള്‍ട്ടി-ബാച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് (സിബിടി) അടിയന്തരമായി മാറണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള പുതിയ നിയമപ്രകാരം കുറ്റവാളികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും
കത്തില്‍ ആവശ്യപ്പെടുന്നു.
വര്‍ഷങ്ങളോളം 16 മണിക്കൂര്‍ വരെ കഠിനാധ്വാനം ചെയ്ത് പഠിക്കുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളെ നിരന്തരം മാനസിക പീഡനത്തിലേക്ക് തള്ളിവിടുന്നതും അവരുടെ മാതാപിതാക്കളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തുന്നതുമായ ഈ സാഹചര്യം ഒരു വികസിത രാജ്യത്തിന് ചേര്‍ന്നതല്ല. ഈ വിഷയത്തെ ഒരു ദേശീയ അടിയന്തരാവസ്ഥയായി പരിഗണിച്ച് പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്നും പരീക്ഷാ നടത്തിപ്പിലെ സുതാര്യത അടിയന്തരമായി തിരികെ കൊണ്ടുവരണമെന്നും ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.
















